തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിന്‍റെ കെ-റെയിലിന് പകരം മെട്രോമാൻ ഇ-ശ്രീധരന്‍റെ നേതൃത്വത്തിൽ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമാണോയെന്ന് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന സമിതി ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിക്കും.
റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ. വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ. കെ-റെയിൽ പദ്ധതിയെ ശക്തമായി എതിർത്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെ സമിതിയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എന്‍.എസ്.കെ. ഉമേഷ് ഗതാഗത സെക്രട്ടറിയെ (റെയില്‍വേസ്) കമ്മിറ്റിയുടെ നടത്തിപ്പില്‍ സഹായിക്കും.
പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പാരിസ്ഥിതികമായും ഏതൊക്കെ തരത്തില്‍ സംസ്ഥാനത്തിന് ഗുണകരമാകുമെന്ന് പഠിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് സര്‍ക്കാര്‍ നിർദേശം. ശ്രീധരൻ സമർപ്പിച്ച പദ്ധതി പ്രകാരം 60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 473.20 കി.മീ ദൈര്‍ഘ്യമുള്ള നിർദിഷ്ട പാതയിലൂടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നര മണിക്കൂർ കൊണ്ട് എത്താനാകും. എന്നാൽ, ഇത് കണ്ണൂരിൽ അവസാനിപ്പിക്കാതെ കാസർകോട് വരെ നീട്ടുന്നതടക്കം യു.ഡി.എഫ് സർക്കാർ പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.