തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തുടരുന്ന തർക്കം പ്രതിപക്ഷ ഐക്യത്തെ ബാധിക്കുന്ന തലത്തിലേക്ക്. വിഷയത്തിൽ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കാൻ പോലും കഴിയാത്ത നിലയിലാണ് കാര്യങ്ങൾ. ഈമാസം 19ന് യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിയമസഭയിൽ ഈ തർക്കം പ്രതിഫലിക്കുമോയെന്ന ആശങ്കയുമുണ്ട്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നും ലഭിച്ചേ പറ്റൂവെന്നും സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പ്രതികരിച്ച സാഹചര്യമാണുള്ളത്.
മുന്നണി ബന്ധം അവസാനിപ്പിക്കണമെന്ന നിലയിലുള്ള അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. ആ സാഹചര്യത്തിൽ ഇത് വരും ദിവസങ്ങളിൽ പ്രതിപക്ഷ ഐക്യത്തെ എങ്ങനെ ബാധിക്കുമെന്നത് നിർണായകമാണ്. സി.പി.എമ്മും സി.പി.ഐയും ഒരുമിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിക്കുമ്പോഴും പ്രശ്നപരിഹാരത്തിന് നീക്കങ്ങളില്ല.
ഉപനേതൃ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. നിലവിൽ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് ഇരിക്കുന്ന കസേരയിൽ കെ.എൻ. ബാലഗോപാലാണുള്ളത്. അതിനടുത്താണ് സി.പി.ഐ കക്ഷിനേതാവ് കെ. രാജന്‍റെ ഇരിപ്പിടം. പുതിയ എം.എൽ.എമാര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ചേരേണ്ട എൽ.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇതുവരെ ചേർന്നിട്ടില്ല. അത് എന്ന് ചേരാനാകുമെന്ന ഒരു ധാരണയും ഇരു പാര്‍ട്ടികളിലുമുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് സി.പി.ഐയിലെ മുതിര്‍ന്ന എം.എല്‍.എമാരുമായി ആശയവിനിമയം നടത്തിയാണ് ഇപ്പോൾ അടിയന്തര പ്രമേയത്തിനുള്ള വിഷയം നിശ്ചയിക്കുന്നത്.
മുമ്പെങ്ങുമില്ലാത്ത രീതിയിൽ പ്രതിപക്ഷ ഉപനേതൃ പദവിക്ക് വേണ്ടി സി.പി.ഐ വാശിപിടിക്കുകയാണെന്ന ആക്ഷേപം എൽ.ഡി.എഫ് ഘടകകക്ഷികൾക്കുണ്ട്. എന്നാൽ, എക്കാലവും സി.പി.എം തന്നെ പദവി കൈയില്‍ വെച്ചാൽ മതിയോ എന്ന ചോദ്യമാണ് സി.പി.ഐയുടേത്. ചര്‍ച്ചകളില്‍ സി.പി.എം ചതിച്ചെന്ന അഭിപ്രായമാണ് സി.പി.ഐക്കുള്ളത്. മാധ്യമങ്ങളോടല്ല സി.പി.എം സെക്രട്ടറിയോടാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും സി.പി.ഐ വൃത്തങ്ങൾ പറയുന്നു. സി.പി.ഐ നേതൃത്വം ഈ വിഷയം മാധ്യമങ്ങളിൽ ചർച്ച ചെയ്തതിലും സി.പി.എമ്മിന് അതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.