ഇന്ദിര ഭവനിൽ നടന്ന കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ
തിരുവനന്തപുരം: പ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്ത് വർഷം ഉപദ്രവിച്ചവർക്കായുള്ള ശിപാർശയുമായി വരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പത്ത് വർഷത്തെ രാഷ്ട്രീയ വേട്ടയുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പും. കെ.പി.സി.സി വിശാല യോഗത്തിലാണ് ഈ ആവശ്യങ്ങളും മറുപടികളുമുണ്ടായത്.
പ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാനും അത് നടപ്പാക്കാനും പാർട്ടിയുമായി ബന്ധമുള്ള ഒരാൾ എല്ലാ മന്ത്രിമാരുടെയും ഓഫിസുകളിലുണ്ടാകുന്നത് നല്ലതായിരിക്കുമെന്ന അഭിപ്രായമാണ് കെ.സി. വേണുഗോപാൽ മുന്നോട്ടുവെച്ചത്. പല ആളുകൾ പല ആവശ്യങ്ങളുമായി എത്തുമെന്നും അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ പൂർണ പിന്തുണ ആവശ്യപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ ഓഫിസുകളിലേക്ക് ശിപാർശ ചെയ്യുമ്പോൾ സ്വയം സ്കാൻ ചെയ്യണമെന്നും പറഞ്ഞു. പ്രവർത്തകരുടെ കാര്യങ്ങൾ കൃത്യമായി ഈ സർക്കാർ നോക്കും. എന്നാൽ ഉപദ്രവിച്ചവർക്ക് വേണ്ടി ശിപാർശയുമായി വരരുത്. എല്ലാവരുടെയും കാര്യങ്ങൾ ഒരാൾ ഏറ്റെടുത്ത് വരുന്ന സാഹചര്യമുണ്ടാകരുത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യും. നയപരമായ കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ചേ ചെയ്യൂ. പൊതുമേഖല സ്ഥാപനങ്ങളെ ആദ്യം രക്ഷിക്കാൻ ശ്രമിക്കും. എന്നിട്ടേ മറ്റ് കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്ത് വർഷത്തിനിടെ പ്രവർത്തകർ രാഷ്ട്രീയ വേട്ടക്ക് ഇരയായ കേസുകൾ പ്രത്യേകം പരിശോധിക്കുമെന്നും അതിലുൾപ്പെട്ട പ്രവർത്തകർക്ക് നിയമസഹായം ഉൾപ്പെടെ നൽകാൻ പാർട്ടി സംവിധാനം ഒരുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന കാര്യങ്ങൾക്ക് മുൻഗണന വേണമെന്ന് മുൻ അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. സമുദായ നേതാക്കളെ കാണാൻപോകുന്നവർ മടങ്ങിവരുമ്പോഴെങ്കിലും പാർട്ടി ഓഫിസിൽ ഒന്ന് വരണമെന്ന് ബാബുപ്രസാദ് മന്ത്രിമാരുടെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.