യുക്രെയ്നിൽനിന്ന് വിദ്യാർഥികളെ പുറത്തെത്തിക്കാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

യുക്രെയ്നിലെ യുദ്ധമേഖലയിൽനിന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതിന് സുരക്ഷിതപാത ഒരുക്കാൻ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദ്യാർത്ഥികൾക്ക് പുറത്തു കടക്കാൻ മാനുഷിക പരി​ഗണന മുൻനിർത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യൻ നേതൃത്വവുമായി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

റെഡ്‌ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാൻ അടിയന്തര നടപടിയെടുക്കണം. ബങ്കറുകളിൽ കഴിയുന്ന വിദ്യാർഥികൾ വെള്ളവും ഭക്ഷണവും തീർന്നതിനാൽ പട്ടിണി നേരിടുകയാണ്. ഖാർകീവ്, സുമി നഗരങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുകയാണെന്നും എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 27ന് അയച്ച കത്തിന്റെ തുടർച്ചയായാണ് പുതിയ കത്ത് കൈമാറിയത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതിനകം 244 മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനായി. കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ്. യുക്രെയ്നിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾ പ്രധാനമായും കീയവ് ഉൾപ്പെടെയുള്ള യുക്രെയ്നിലെ പടിഞ്ഞാറൻ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

എന്നാൽ, ഖാർകീവ്, സുമി, കിഴക്കൻ യുക്രെയ്ൻ നഗരങ്ങൾ എന്നിവിടങ്ങളിൽ നിരവധി വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. അവിടങ്ങളിൽ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു ന​ഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.

News Summary - Intervene to expel students from Ukraine; Chief Minister's letter to the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.