ന്യൂഡല്‍ഹി: അഞ്ചാമത് അന്താരാഷ്ട്ര ന്യൂസ് പേപ്പര്‍ ഡിസൈന്‍ മത്സരത്തിൽ ‘മാധ്യമം’ പത്രത്തിന് രണ്ടു പുരസ്കാരങ്ങൾ. ഏഷ്യയിലെ ആദ്യ ന്യൂസ്‌പേപ്പര്‍ ഡിസൈന്‍ വെബ്‌സൈറ്റായ ‘ന്യൂസ് പേപ്പര്‍ ഡിസൈന്‍’ സംഘടിപ്പിച്ച മത്സരത്തില്‍ രണ്ട് വിഭാഗങ്ങളിലാണ് മാധ്യമം പുരസ്‌കാരത്തിന് അര്‍ഹമായത്.
മികച്ച ഒന്നാം പേജ് വിഭാഗത്തിൽ മാധ്യമത്തിന് സിൽവർ പുരസ്കാരം ലഭിച്ചു. രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി തയാറാക്കിയ ഒന്നാം പേജിനാണ് പുരസ്കാരം. ഇന്തോനേഷ്യൻ പത്രമായ ‘കോമ്പാസി’നാണ് ഗോൾഡ്. അര്‍ജന്റീന ലോകകപ്പ് ഫുട്‌ബാള്‍ ചാമ്പ്യന്മാരായ ദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ മികച്ച മെസ്സി പേജിനുള്ള വെങ്കല പുരസ്‌കാരവും ‘മാധ്യമ’ത്തിന് ലഭിച്ചു. ഈ വിഭാഗത്തിൽ ഗോൾഡ് മെഡൽ ‘മാതൃഭൂമി’ പത്രത്തിനും സിൽവർ മെഡൽ ബ്രസീലിയൻ പത്രമായ ‘ഓ ഗ്ലോബോ’ക്കുമാണ്.
‘ദേശാഭിമാനി’ പ്രത്യേക പരാമർശത്തിന് അർഹമായി. ഫുട്‌ബാള്‍ ഇതിഹാസം പെലെ അന്തരിച്ചപ്പോള്‍ പുറത്തിറങ്ങിയ പത്രങ്ങളില്‍ മികച്ച പെലെ പേജിനുള്ള വെങ്കല പുരസ്‌കാരത്തിനും മാതൃഭൂമി അർഹമായി. ‘സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്’, ‘അറബ് ന്യൂസ്’, ‘ദി നാഷനല്‍’ എന്നീ പത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ ഒന്നാമതെത്തി.
വാഷിങ്ടൺ ആസ്ഥാനമായ ‘ദ സ്പോക്സ്മാൻ-റിവ്യു’ പേജ് എഡിറ്റർ ചാൾസ് ആപ്പ്ൾ, ‘യു.എസ്.എ ടുഡേ’ ഡാറ്റാ വിഷ്വലൈസേഷൻ എഡിറ്റർ ജെന്നിഫർ ബോറെസെൻ, ‘ദ വാഷിങ്ടൺ പോസ്റ്റ്’ ഗ്രാഫിക്സ് ഡയറക്ടർ ചിക്വി എസ്റ്റെബാൻ, കാലിഫോർണിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ലക്ചററും മീഡിയ അഡ്വൈസറുമായ ഗാരി മെറ്റ്‌സ്‌കർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ പേജുകൾ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.