കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാറിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. തമിഴ്നാട് ജലസേചന, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളിലെ 19 അംഗ ഉദ്യോഗസ്ഥ, ജീവനക്കാരുടെ സംഘമാണ് തിങ്കളാഴ്ച പരിശോധനക്കെത്തിയത്.

അണക്കെട്ട്, ബേബി ഡാം, ഗാലറികൾ, സ്പിൽവേ, ഷട്ടറുകൾ എന്നിവിടങ്ങളിലെല്ലാം സംഘം പരിശോധന നടത്തി. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ സത്യമൂർത്തി, വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ കണ്ണൻ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ മുരുകാനന്ദം എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അണക്കെട്ടിലെത്തിയത്.

പ്രധാന അണക്കെട്ടിലും ഗാലറി, സ്പിൽവേ എന്നിവക്ക് പുറമേ ബേബി ഡാമിലും നിരവധി വൈദ്യുതി വിളക്കുകൾ, മറ്റ് ഇലക്ട്രിക്ക് സംവിധാനങ്ങൾ എന്നിവക്കായി 39 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നടന്ന നിർമാണ ജോലികൾ വിലയിരുത്താനാണ് സംഘത്തിന്റെ സന്ദർശനം.

ഇതോടൊപ്പം ബേബി ഡാം ബലപ്പെടുത്തൽ ജോലികൾക്ക് അനുമതി ലഭിച്ചാൽ പ്രദേശത്ത് വൈദ്യുതി വിളക്കുകളും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കുകയെന്ന ലക്ഷ്യവും ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനത്തിലുണ്ടെന്നാണ് വിവരം.

കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് തമിഴ്നാട് ഉദ്യോഗസ്ഥ സംഘം അണക്കെട്ടിലെത്തിയത്. അണക്കെട്ടിൽ പോകുന്നവരുടെ വിവരം ശേഖരിക്കാൻ കഴിഞ്ഞ ഏതാനും ദിവസമായി തേക്കടി ബോട്ട്ലാൻഡിങ്ങിലുണ്ടായിരുന്ന കേരള പൊലീസ് സംഘം തമിഴ്നാട് സംഘം എത്തിയപ്പോൾ തേക്കടിയിൽ ഉണ്ടായിരുന്നില്ല. 

Tags:    
News Summary - Inspection by Tamil Nadu officials at Mullaperiyar without informing Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.