തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക അസമത്വവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റേതായി വരുന്ന അവകാശവാദങ്ങളെ പൊളിച്ചടുക്കി മുതിർന്ന സി.പി.എം നേതാവും കേരളത്തിന്റെ മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. സമീപകാലത്തെ ഏറ്റവും വലിയ വ്യാജവാർത്തയാണ് കേന്ദ്ര സർക്കാറിന്റെ പി.ഐ.ബി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രസ്താവിച്ചു. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം സാമ്പത്തിക അസമത്വം ഏറ്റവും കുറഞ്ഞ നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നതിന്റെ പിന്നിലെ വാസ്തവം എന്താണെന്നും അദ്ദേഹം പോസ്റ്റിൽ വിശകലനം ചെയ്യുന്നു.
ലോകബാങ്ക് റിപ്പോർട്ടിൽ ഇങ്ങനെയൊരു നിഗമനമേ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നത് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയിൽ (ഗിനി കോയെഫിഷന്റ്) ഇന്ത്യയുടെ സ്കോർ 2022-23ൽ 25.5 എന്നു മാത്രമാണെന്നും റാങ്കിനെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇന്ത്യാ സർക്കാർ മറ്റു രാജ്യങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അസമത്വ സൂചികയുമായി ഇന്ത്യയുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയെ താരതമ്യപ്പെടുത്തി ഇന്ത്യയുടെ ആഗോള റാങ്ക് നാലാമത്തേതായി പ്രഖ്യാപിച്ചുവെന്നും അങ്ങനെ ചൈനയുടെ വരുമാന അസമത്വ സൂചികയായ 35.7നേക്കാൾ സമത്വം കൈവരിച്ച രാജ്യമായി ഇന്ത്യ മാറിയെന്നും ഐസക് വ്യക്തമാക്കുന്നു. ഇതിൽ ഇന്ത്യാ സർക്കാർ ഒരു ട്രിക്ക് പ്രയോഗിച്ചിരിക്കുകയണെന്നും ‘ഹിന്ദു’ പോലുള്ള പത്രങ്ങൾ പോലും ഈ വ്യാജവാർത്ത വിഴുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
സമീപകാലത്തെ ഏറ്റവും വലിയ വ്യാജവാർത്തയാണ് കേന്ദ്ര സർക്കാറിന്റെ പിഐബി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം സാമ്പത്തിക അസമത്വം ഏറ്റവും കുറഞ്ഞ നാലാമത്തെ രാജ്യമാണത്രെ ഇന്ത്യ. വാസ്തവം എന്താണ്?
ലോകബാങ്ക് റിപ്പോർട്ടിൽ ഇങ്ങനെയൊരു നിഗമനമേ ഇല്ല. റിപ്പോർട്ടിൽ പറയുന്നത് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയിൽ (ഗിനി കോയെഫിഷന്റ്) ഇന്ത്യയുടെ സ്കോർ 2022-23-ൽ 25.5 എന്നു മാത്രമാണ്. റാങ്കിനെ കുറിച്ചൊന്നും പരാമർശിച്ചില്ല.
പക്ഷേ, ഇന്ത്യാ സർക്കാർ എന്തുചെയ്തു? മറ്റു രാജ്യങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അസമത്വ സൂചികയുമായി ഇന്ത്യയുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയെ താരതമ്യപ്പെടുത്തി ഇന്ത്യയുടെ ആഗോള റാങ്ക് നാലാമത്തേതായി പ്രഖ്യാപിച്ചു. ഉദാഹരണത്തിന് ചൈനയുടെ വരുമാന അസമത്വ സൂചിക 35.7 ആണ്. ചൈനയേക്കാൾ സമത്വം കൈവരിച്ച രാജ്യമായി അങ്ങനെ ഇന്ത്യ മാറി.
ഉപഭോഗ സർവ്വേകൾ എപ്പോഴും സമ്പന്നരുടെ ഉപഭോഗം കുറച്ചുകാണുന്നു. മാത്രമല്ല, പണക്കാരുടെ വരുമാനത്തിൽ ഗണ്യമായ പങ്ക് സമ്പാദ്യമായി മാറുന്നു. പാവപ്പെട്ടവർ അവരുടെ വരുമാനം ഏതാണ്ട് മുഴുവനും ഉപഭോഗത്തിനായി ചെലവഴിക്കുന്നു. അതുകൊണ്ട് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചിക വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വ സൂചികയേക്കാൾ താഴ്ന്നതായിരിക്കും. ഈ ട്രിക്കാണ് ഇന്ത്യാ സർക്കാർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഉപഭോഗ അസമത്വ സൂചികയെ മറ്റു രാജ്യങ്ങളുടെ വരുമാന അസമത്വ സൂചികയുമായി താരതമ്യപ്പെടുത്തി ഇന്ത്യയെ ഏറ്റവും കുറവ് അസമത്വമുള്ള രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദു പോലുള്ള പത്രങ്ങൾ പോലും ഈ വ്യാജവാർത്ത വിഴുങ്ങി.
തീർന്നില്ല. ഇന്ത്യയുടെ 2020-23ലെ ഉപഭോക്തൃ സർവ്വേ തന്നെ സംശയത്തിന്റെ നിഴലിലാണ്. 2017-18ലെ ഉപഭോക്തൃ സർവ്വേ റിപ്പോർട്ട് ഇതുവരെ കേന്ദ്ര സർക്കാർ ഊദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. കാരണം പതിറ്റാണ്ടുകളായി എല്ലാ അഞ്ചു വർഷം കുടുംതോറും നാഷണൽ സാമ്പിൾ സർവ്വേ നടത്തുന്ന സർവേയുടെ 2017-18ലെ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. ബി.ജെ.പി ഭരണത്തിൽ ഉപഭോഗം കേവലമായി ഇടിഞ്ഞു. നോട്ടുനിരോധനത്തിനിറെ ദുരന്ത ഫലമായിരുന്നു എന്നാണ് പലരും കരുതുന്നത്. എന്തായാലും ഇന്ത്യാ സർക്കാർ കണക്കുകൾ വിശ്വാസ്യമല്ലെന്നു പറഞ്ഞു റിപ്പോർട്ടുകൾ തടഞ്ഞുവച്ചു.
എന്നിട്ട് ഇത്രയും നാൾ തുടർന്നുവന്ന സർവ്വേ രീതി സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തി. പുതിയ സർവ്വേ ഫലം വന്നപ്പോൾ കോവിഡ് വന്നിട്ടുപോലും ഉപഭോഗം ഗണ്യമായി ഉയർന്നിരിക്കുകയാണ്. ഈ സംശയാസ്പദമായ സർവ്വേഫലം വെച്ചാണ് ഇന്ത്യയിലെ അസമത്വം കുത്തനെ തങ്ങളുടെ ഭരണകാലത്തു കുറഞ്ഞിരിക്കുന്നുവെന്ന വിജയാരവം മുഴക്കുന്നത്. അങ്ങനെ അസമത്വത്തിൽ നാലാം സ്ഥാനത്ത് എത്തി നിൽക്കുന്ന ഇന്ത്യയുടെ ബന്ധപ്പെട്ട മറ്റു മേഖലകളിലെ സ്ഥാനം നോക്കിക്കേ:
• വേൾഡ് ഇൻഇൗക്വാലിറ്റി ഡാറ്റാബേസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അസമത്വ സൂചിക സ്കോർ 2023-ൽ 61 ആണ്. 2004ൽ സ്കോർ 52 ആയിരുന്നു. 216 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 176-ാമതാണ്.
• ഇതേ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അസമത്വ സൂചിക സ്കോർ 75 ആണ്. ഏറ്റവും ഉയർന്ന അസമത്വമുള്ള 10 രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ.
• ജെൻഡർ അസമത്വം ഏറ്റവും ഉയർന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ- റാങ്ക് 113.
• മാനവ വികസ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 193 രാജ്യങ്ങളിൽ 134 ആണ്. ഇതുപോലെ പട്ടിണി സൂചികയടക്കം എല്ലാറ്റിലും ഇന്ത്യയുടെ സ്ഥാനം അവസാനത്തേതാണ്.
• ദേശീയ വരുമാനത്തിന്റെ 57 ശതമാനവും ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടേതാണ്. ഇവരുടെ വിഹിതം നീക്കം ചെയ്യുകയാണെങ്കിൽ 90 ശതമാനം പേരുടെ പ്രതിശീർഷ വരുമാനം ഏറ്റവും ദരിദ്രരായ 44 രാജ്യങ്ങൾക്കൊപ്പമാണ്.
ഇന്ത്യയിലെ അസമത്വം സംബന്ധിച്ച ഏറ്റവും പുതിയ ആഗോള അസമത്വ ഡാറ്റാബേസ് റിപ്പോർട്ടിനു നൽകിയിരിക്കുന്ന പേര് തന്നെ “Income and Wealth Inequality in India 1922-2023: The Rise of the Billionaire Raj” എന്നാണ്. ബ്രട്ടീഷ് രാജിന്റെ കാലത്തേക്കാൾ ഇന്നത്തെ ശതകോടീശ്വരന്മാരുടെ രാജിന്റെ കാലത്ത് അസമത്വം ഉയർന്നിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടിന്റെ സാരം.
അപ്പോഴാണ് ലോകത്ത് സമത്വത്തിൽ 4-ാമത്തേതാണ് ഇന്ത്യ എന്ന പ്രചാരണവുമായി ഇന്ത്യാ സർക്കാർ ഇറങ്ങിയിരിക്കുന്നത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.