ലീഗ് നേതൃത്വത്തോടുള്ള വിയോജിപ്പുമായി സ്ഥാപക ദിനത്തിൽ സെമിനാർ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി ചർച്ച മുസ്​ലിം ലീഗിൽ നടക്കുന്നതിനിടെ നേതൃത്വത്തോടുള്ള വിയോജിപ്പുമായി ഒരു വിഭാഗത്തിൻെറ സെമിനാർ മലപ്പുറത്ത്. മുസ്​ലിം ലീഗുമായി അനുഭാവം പുലർത്തുന്ന ബുദ്ധിജീവികളും വിദ്യാർഥികളും നേതൃത്വം നൽകുന്ന ഇന്ത്യൻ മുസ്​ലിം അക്കാദമീയ ആണ് 'സാമുദായിക രാഷ്ട്രീയം, വർത്തമാനവും ഭാവിയും' എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നത്. മാർച്ച് 10ന് ലീഗ് സ്ഥാപക ദിനത്തിൽ മലപ്പുറം സിവിൽ സ്റ്റേഷന് സമീപം നടക്കുന്ന സെമിനാറിൽ ലീഗ് ചരിത്രകാരൻ എം.സി വടകര, മാധ്യമപ്രവർത്തകൻ പി.ടി നാസർ, 'ഹരിത' നേതാവ് നജ്മ തബ്ഷീറ, സാമൂഹിക നിരീക്ഷകൻ മുഹമ്മദ് ഹനീഫ, ഗവേഷക വിദ്യാർഥികളായ മുഹ്സിന അഷ്റഫ്, ഹിലാൽ അഹമദ് എന്നിവരാണ് പങ്കെടുക്കുന്നത്.

സെമിനാർ നേതൃത്വത്തിനെതിരായ വിയോജിപ്പാണെന്ന് സാധൂകരിക്കുന്ന വിധത്തിലാണ് ഇതിൻെറ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഡൽഹി ജമാ മസ്ജിദിനു സമീപത്തെ ഡൽഹി സ്റ്റേറ്റ് ലീഗ് ആസ്ഥാന മന്ദിരത്തിൻെറ ചിത്രമാണ് സെമിനാർ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ ആസ്ഥാന മന്ദിരം നിർമിക്കാൻ 2018 ഏപ്രിലിൽ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി ദേശീയ കൗൺസിൽ തീരുമാനിച്ചിരുന്നു. ഡൽഹിയിൽ ആസ്ഥാനമന്ദിരം നിർമിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അണികൾക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ഒന്നുമുണ്ടായില്ല.


നിയമസഭയിലേക്ക് മത്സരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചതുൾപ്പെടെ നേതൃത്വത്തിൻെറ നടപടികൾക്കെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം ലീഗ് അനുകൂലികളിൽനിന്ന് പ്രതികരണങ്ങളുണ്ടായതിനു പിന്നാലെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

സംഘാടകരിലൊരാളും എം.എസ്.എഫ് നേതാവുമായ ആശിഖ് റസൂൽ ഇസ്മായിൽ സെമിനാറിനെക്കുറിച്ച് ഫേസ്ബുക്കിൽ പറഞ്ഞിരിക്കുന്നത് 'കുറച്ചു ചെറുപ്പക്കാർ/കാരികൾ ലീഗിനോട് സംസാരിക്കാൻ ശ്രമിക്കുന്നു' എന്നാണ്. 'ലീഗിൻെറ നിലനിൽപിനു വേണ്ടി ലീഗിൽ മാറ്റങ്ങളുണ്ടാവണം; മാറ്റത്തിൻെറ ശക്തികളെ, യുവചേതനകളെ, ഒരു പരിവർത്തനത്തിനു വേണ്ടി പാർട്ടിക്കുള്ളിൽ ഒരാദർശ സമരം നടത്താൻ സന്നദ്ധരാവുക' എന്ന ചന്ദ്രിക മുൻ പത്രാധിപർ റഹീം മേച്ചേരിയുടെ വാക്കുകൾ ഉപയോഗിച്ചും സെമിനാർ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.