കൊല്ലം: ഹജ്ജ് തീർഥാടകർക്കുള്ള വിമാന നിരക്കിൽ ഓരോ യാത്രക്കാരനും 10,000 രൂപ വീതം അധികമായി ഈടാക്കാനുള്ള തീരുമാനം അത്യന്തം അന്യായവും മുസ്ലിം സമൂഹത്തോടുള്ള വെല്ലുവിളിയും ജനവിരുദ്ധവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.
ഹജ് യാത്ര ജീവിതത്തിൽ ഒരിക്കൽ പോലും സാധ്യമാകുമോ എന്ന ആശങ്കയിൽ വർഷങ്ങളോളം സമ്പാദ്യം കൂട്ടി കാത്തിരിക്കുന്ന സാധാരണക്കാരായ ആളുകൾക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയാകുന്നത്. ഇതിനകം തന്നെ വിപണി നിരക്കിനെക്കാൾ കൂടുതലായ തുക ഈടാക്കിയ സാഹചര്യത്തിൽ, വീണ്ടും 10,000 രൂപ ഈടാക്കുന്നത് തീർഥാടകർക്കെതിരായ തുറന്ന ചൂഷണമാണ്. കൂടാതെ, യാത്രക്കാർ മുൻകൂറായി മുഴുവൻ തുകയും അടച്ചതിനുശേഷമാണ് ഇത്തരത്തിൽ അധിക തുക ആവശ്യപ്പെടുന്നത് എന്നത് അതീവ ആശങ്കാജനകമാണ്. ഇത്തരത്തിലുള്ള നടപടികൾ ഭരണകൂടത്തിന്റെ അനാസ്ഥയും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോടുള്ള അവഗണനയും വ്യക്തമാക്കുന്നതാണ്.
ആഗോള ഇന്ധനവില വർധന ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് പറയുന്നുവെങ്കിലും, അതിന്റെ മുഴുവൻ ഭാരം സാധാരണ തീർഥാടകർക്കു മേൽ ചുമത്തുന്നത് അംഗീകരിക്കാനാകില്ല. ഹജ് കമ്മിറ്റി കൂടുതൽ സുതാര്യവും നീതിപൂർവവുമായ സമീപനം സ്വീകരിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ, ഹജ് വിമാന നിരക്കിൽ 10,000 രൂപ വർധിപ്പിച്ച തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഇതിനകം ഈടാക്കിയ അധിക തുക തിരികെ നൽകണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിന് കത്ത് നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.