ശ്രീവത്സം ഗ്രൂപിന് 425 കോടിയുടെ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന് ആദായ നികുതി വകുപ്പ്

കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തിയതായി ആദായനികുതി വകുപ്പിന്‍റെ സ്ഥിരീകരണം. സ്ഥാപനങ്ങളിലെ പരിശോധന ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാറിന്‍റെ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 50 കോടി രൂപയുടെ അധികസ്വത്ത് ഉണ്ടെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന മൊഴി. 425 കോടിയെന്ന അധിക സ്വത്ത് പ്രാഥമിക നിഗമനം മാത്രമാണെന്നും ഇത് സംബന്ധിച്ച പരിശോധന പൂര്‍ത്തിയാവുമ്പോള്‍ സംഖ്യ ഉയർന്നേക്കാമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

നാഗാലാന്‍റില്‍ അഡീഷണല്‍ എസ്.പിയായി വിരമിച്ച രാജശേഖരന്‍ പിള്ള അവിടുത്തെ ചില പ്രധാന ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിച്ചിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത രേഖകളുടെ പരിശോധന നടക്കുകയാണ്. ആദ്യ ദിവസത്തെ പരിശോധനയില്‍ തന്നെ നൂറിലധികം കോടി രൂപയുടെ അനധികൃത പണം ശ്രീവത്സം ഗ്രൂപ്പിന് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

നാഗാലാന്‍റിലെ കൊഹിമ കേന്ദ്രമാക്കി 28 അക്കൗണ്ടുകളാണ് ശ്രീവത്സം ഗ്രൂപിന്‍റെ എം.ഡിയായ എം.കെ.ആര്‍ പിള്ളക്കുള്ളത്. ഇതില്‍ 20 എണ്ണം പിള്ളയുടെ പേരിലും ബാക്കിയുള്ള 8 എണ്ണം ഭാര്യയുടേയും മകന്‍റെയും പേരിലുമാണ്. കേരളത്തിലേക്ക് പണം എത്തിക്കാനായാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.

പിള്ളക്ക് ബിനാമി ഇടപാടുകളുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. 50 കോടി രൂപയുടെ കള്ളപ്പണത്തിന്‍റെ കണക്കാണ് പിള്ള സര്‍ക്കാരിന് നല്‍കിയത്.എന്നാല്‍ ഇതിന്‍റെ എത്രയോ ഇരട്ടിയാണ് പ്രാഥമിക പരിശോധനയില്‍ മാത്രം കണ്ടെത്തിയത്. രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബിനാമി ഇടപാടാണോ പിള്ളയുടേതെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - The income tax department says that Sreevasam Guppu had over 425 crores of wealth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.