കോഴിക്കോട്/തിരുവമ്പാടി: ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോഴിക്കോടുനിന്ന് മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറക്കുന്ന തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ. നിർമാണം പൂർത്തിയായാൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കമാകുമിത്.
പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നീ ത്രികക്ഷി കരാറിലാണ് 2134 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുക. തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് നടപ്പാക്കാന്‍ മേയ് 14, 15 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധ സമിതി മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്നാണ് തുരങ്കപാതയിലേക്കുള്ള നാലുവരി പാത ആരംഭിക്കുന്നത്. ആനക്കാംപൊയിലിൽ നിന്ന് മറിപ്പുഴയിലേക്ക് 6.6 കിലോമീറ്റർ നാലുവരി പാതയും മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും നിർമിക്കും. മറിപ്പുഴയിൽനിന്ന് രണ്ട് കിലോമീറ്റർ കൂടി നാലുവരി പ്പാത പിന്നിട്ടാൽ തുരങ്ക പാത തുടങ്ങുന്ന സ്വർഗം കുന്നിലെത്തും. സ്വർഗം കുന്ന് മുതൽ വയനാട് ജില്ലയിലെ കള്ളാടി വരെ 8.11 കിലോമീറ്റർ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുക. തുടർന്ന്, ഒമ്പത് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. വെള്ളരിമല, ചെമ്പ്രമല എന്നിവ തുരന്നാണ് തുരങ്കം നിർമിക്കേണ്ടത്.
ആസ്ട്രേലിയൻ സാങ്കേതിക വിദ്യയാണ് തുരങ്ക നിർമാണത്തിന് പ്രയോജനപ്പെടുത്തുന്നത്. അഗ്നിരക്ഷ സൗകര്യം, സി.സി.ടി.വി സംവിധാനം, ബ്രേക്ക്ഡൗണാകുന്ന വാഹനങ്ങൾ മാറ്റിയിടാനുള്ള പ്രത്യേകപാത, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പുറത്തെത്തിക്കാൻ സൗകര്യം, വായു മലിനീകരണ നിയന്ത്രണം തുടങ്ങിയവ തുരങ്കത്തിൽ ഉണ്ടാകും.
പദ്ധതി ചെലവിൽ 1341 കോടി രൂപ തുരങ്കപാത നിർമാണത്തിനും 160 കോടി രൂപ അപ്രോച്ച് റോഡിനുമാണ് വകയിരുത്തിയത്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർവഹണ ഏജൻസി. തുരങ്കപാത നിർമാണ കരാർ ഭോപാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ ലിമിറ്റഡിനും അപ്രോച് റോഡ് നിർമാണ ചുമതല കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ്. കിഫ്ബിയാണ് ധനകാര്യ ഏജൻസി.
അതേസമയം, പരിസ്ഥിതി ദുർബല പ്രദേശങ്ങളാണ് തുരങ്കപാത കടന്നുപോകുന്ന വെള്ളരിമലയും ചെമ്പ്രമലയുമെന്നത് ആശങ്കയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. മല തുരക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. നിർദിഷ്ട തുരങ്ക പാതയുടെ സമീപ മേഖലയാണ് ഉരുൾദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ.
കോഴിക്കോട്: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ തുരങ്കപാത നിർമാണത്തിലേക്ക് കടക്കുന്നതോടെ പശ്ചാത്തല വികസന രംഗത്ത് കേരളം പുതിയ ചരിത്രമെഴുതാന്‍ പോവുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാ സൗകര്യം വര്‍ധിക്കുന്നതിനൊപ്പം അന്തര്‍സംസ്ഥാന യാത്രകളും എളുപ്പമാകും.
കേരളത്തിന്റെ കാര്‍ഷിക -വ്യാപാര, ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് പദ്ധതി. ഐ.ടി വ്യവസായത്തിലുള്‍പ്പെടെ ഇത് മാറ്റങ്ങളുണ്ടാക്കും. മലയോര ജനതയുടെ ജീവിതനിലവാരം ഉയര്‍ത്താനും പദ്ധതി സഹായകരമാകും. ടണല്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടലുകൾ തുടര്‍ച്ചയായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.