ആദിവാസി-ദളിത് തീയറ്റർ മൂവ്മെന്റിന്റെ ഉദ്ഘാടനം നാളെ തുടിപ്പ് ഡാൻസ് അക്കാദമിയിൽ

കൊച്ചി: തൃശൂർ സ്കൂൾ ഡ്രാമയിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപം നൽകിയ ആദിവാസി ദളിത് തീയറ്റർ മൂവ്മെന്റിന്റെ (അസുറാകട്) ലോഗോ പ്രകാശനവും, "എങ്കള ഒച്ചെ" (ഞങ്ങളുടെ ശബ്ദം) നാടകാവതരണവും ഒമ്പതിന് എറണാകുളത്ത് നടക്കും.

തിയേറ്റർ മൂവ്മെന്റിന്റെ ആദ്യ സംരംഭമായ "എങ്കള ഒച്ചെ" വെണ്ണല തുടിപ്പ് ഡാൻസ് അക്കാദമിയിൽ (മെഡിക്കൽ സെന്ററിന് -പിൻവശം) വൈകീട്ട് ഏഴിന് അവതരിപ്പിക്കും. നാടക പ്രവർത്തകനും അധ്യാപകനുമായ ഡോ. സാംകുട്ടി പട്ടംകിരി 7.45ന് നാടക സംഘത്തിന്റെ ലോഗോ പ്രകാശിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം സിനിമ-നാടക കലാകാരനായ മണികണ്ഠൻ ആചാരി നിർവഹിക്കും.

നാടകാവതരണത്തിന് മുന്നോടിയായി നടക്കുന്ന ആദിശക്തി സമ്മർ സ്കൂൾ കൂട്ടായ്മ വൈകീട്ട് അഞ്ച് മുതൽ 6:30 വരെ നടക്കും. വിദ്യാഭ്യാസ മേഖലയിൽ ആദിവാസി-ദളിത്‌ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചുമുള്ള തുറന്ന ചർച്ചയിൽ അധ്യാപകർ, ഗവേഷകർ, സാമൂഹിക പ്രവർത്തകർ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ പാർശ്വവൽകൃത വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതികളില്ല എന്ന വിമർശനം വ്യാപകമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കാരം പാർശ്വവൽകൃതർ ഒഴിവാക്കപ്പെടുന്ന സാധ്യത തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളേണ്ട നടപടിയെ കുറിച്ചാണ് ആദിശക്തി സമ്മർസ്കൂൾ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നത്.

രണ്ടു വർഷത്തോളമായി ഇ-ഗ്രാൻഡുകൾ തടഞ്ഞു വെക്കപ്പെട്ടതിനാൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലായി. ബജറ്റിൽ വകയിരുത്തുന്ന തുക കൃത്യമായി വിനിയോഗിച്ച് ഇ-ഗ്രാൻഡുകൾ അതാത് മാസം നൽകണമെന്നും, ഹോസ്റ്റൽ ഗ്രാന്റുകളും മറ്റ് ധനസഹായങ്ങളും കാലികമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ ആറിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന വിദ്യാഭ്യാസ സമരത്തെക്കുറിച്ചും ആദിശക്തി സമ്മർസ്കൂൾ കൂട്ടായ്മ ചർച്ച ചെയ്യും. വിദ്യാഭ്യാസ ചർച്ചയിലും തീയറ്റർ ഗ്രൂപ്പിന്റെ ലോഞ്ചിംഗ് പരിപാടിയിലും നിരവധി സാമൂഹിക സാംസ്കാരിക-പ്രവർത്തകർ പങ്കെടുക്കുമെന്ന് ആദിശക്തി സമ്മർസ്കൂൾ സി.ബി ശ്രീജിത്ത്‌, ജഗൻനന്ദ എന്നിവർ അറിയിച്ചു.  

Tags:    
News Summary - Inauguration of Adivasi-Dalit Theater Movement tomorrow at Thutip Dance Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.