കൊച്ചി: എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപട്ടിക വിപുലമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോംഗോയിൽ നിന്നെത്തിയ ഇയാൾ മാളുകളിലും ഹോട്ടലുകളിലും സന്ദർശനം നടത്തി. കോംഗോ ഹൈ-റിസ്‌ക് രാജ്യമല്ലാത്തതിനാൽ ഇയാൾക്ക് സ്വയം നിരീക്ഷണമാണ് ഏർപ്പെടുത്തിയിരുന്നത്. ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതല യോഗത്തിന് ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തിയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.