'യു.പിയിൽനിന്ന്​ ജോലി തേടി വന്നവരോട് ചോദിച്ചാല്‍ കേരളത്തെപ്പറ്റി മനസ്സിലാക്കാം'; യോഗിക്ക്​ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ​യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉയർത്തിയ വിമർശനത്തിന്​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മുന്നോട്ടുപോകുന്നത് ആരുടെയും സര്‍ട്ടിഫിക്കറ്റ് ലക്ഷ്യമിട്ട​ല്ല. ജനങ്ങള്‍ക്ക്​ അതിന് താല്‍പര്യമില്ല. യോഗിയും രാഹുൽ ഗാന്ധിയും ഇൗ നാടിനെ മനസ്സിലാക്കിയിട്ടില്ല.

നാടിന്‍റെ സമ്പത്ത് തീറെഴുതുന്നതിലും ജനദ്രോഹത്തിലും ഒരേ നയം പിന്തുടരുന്ന ഇരുപാർട്ടികളുടെയും പ്രതിനിധികൾക്ക്​ ഒരേസ്വരം വരും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആസൂത്രിതമായ നുണപ്രചാരണവും പ്രഹസനങ്ങളുമായി എത്തി ജനങ്ങളെ കബളിപ്പിക്കാമെന്ന്​ ആരും കരുതരുതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തെക്കുറിച്ച്​ ഇരുവർക്കും വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരവും ​െഎക്യവുമാണ്​. അഴിമതിയുടെയും അരാജകത്വത്തി‍െൻറയും നാടാണെന്ന യോഗിയുടെ വിമർശനത്തിന്​ രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന്​ മുഖ്യമന്ത്രി മറുപടി നൽകി.

രാജ്യത്ത് അഴിമതി കൂടുതല്‍ യു.പിയിലാണ്​. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ ലോകത്തെമ്പാടും തൊഴില്‍ തേടി പോകുന്നത് തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളതുകൊണ്ടാണ്. കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളില്‍ 15 ശതമാനം പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. അവരോട് ചോദിച്ചാല്‍ കേരളത്തെപ്പറ്റി മനസ്സിലാക്കാം.

അഞ്ച് വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണിത്. യു.പിയിൽ എത്ര വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്​. കൂടുതല്‍ കൊലപാതകങ്ങളും അവിടെയാണ്​. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 66.7 ശതമാനം വര്‍ധിച്ചു. കോവിഡ്​ പരിശോധന അവിടെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - ‘If you ask job seekers from UP, you can understand about Kerala’; CM responds to Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.