കോഴിക്കോട്: കോടതിയുടെ വാറന്റില്ലാതെ അറസ്റ്റുചെയ്യുന്ന വ്യക്തികൾക്ക് അറസ്റ്റിന്റെ കാരണം വിവരിച്ച് നോട്ടീസ് നൽകണമെന്ന് ആഭ്യന്തര വകുപ്പ്. ഇതുസംബന്ധിച്ച ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ സർക്കുലർ ജില്ല പൊലീസ് മേധാവിമാർക്ക് ലഭിച്ചു. 2023ലെ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ സെക്ഷന് 47ന്റെ അടിസ്ഥാനത്തിലാണ് നിർദേശം പുറപ്പെടുവിച്ചത്.
കാരണം വ്യക്തമാക്കാതെയുള്ള പൊലീസ് അറസ്റ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിന് തുല്യമാണ് എന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പരാതികൾ വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. ഹൈകോടതിയും ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റിനു മുമ്പ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകണമെന്ന് ഡി.ജി.പി നിർദേശിച്ചത്. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവരെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുക പതിവാണ്.
അത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ബന്ധപ്പെട്ടവർക്ക് എന്തു കാര്യത്തിനാണ് അറസ്റ്റ്, ജാമ്യം കിട്ടുന്ന വകുപ്പാണോ ചുമത്തിയത് എന്നതൊന്നും വ്യക്തമാവാറില്ല. പിന്നീട് കേസ് കോടതിയിലെത്തുമ്പോൾ, കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പൊലീസിനെ ചോദ്യമുനയിലാക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളടക്കം ഒഴിവാക്കുകകൂടി ലക്ഷ്യമിട്ടാണ് നോട്ടീസ് നൽകി മാത്രമേ അറസ്റ്റ് പാടുള്ളൂ എന്ന് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.