ന്യൂഡൽഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിക്ക് പുറത്ത് പോകാനുള്ള മനസ്സ് ഉണ്ടെങ്കില്‍ മാത്രമേ സി.പി.എം സെമിനാറില്‍ പങ്കെടുക്കുകയുള്ളു. അങ്ങനെ ഒരു മനസ്സ് കെ.വി തോമസിന് ഇല്ലെന്നാണ് വിശ്വാസം. പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
'കെ വി തോമസ് പങ്കെടുക്കില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ട്. രാവിലെ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നാണ് കെ.വി തോമസ് തന്നോട് പറഞ്ഞത്.' സുധാകരന്‍ പറഞ്ഞു.
എം.വി ജയരാജന് എന്തും പറയാം. പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു വികാരമുണ്ട്. കണ്ണൂരില്‍ സി.പി.എം അക്രമത്തില്‍ മരിച്ചു വീണ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നിരവധിയുണ്ട്. അവരുടെയൊക്കെ വികാരത്തെ ചവിട്ടിമെതിച്ച് ഒരു കോണ്‍ഗ്രസ് നേതാവിന് സി.പി.എമ്മിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കയറിച്ചെല്ലാന്‍ സാധിക്കില്ല.
കേരളത്തിലല്ല പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നടന്നതെങ്കില്‍ തങ്ങള്‍ ഇത്രയും വാശി പിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ഇത്രയും ഏകാധിപത്യപരമായ ഫാസിസം നടപ്പിലാക്കുന്ന സി.പി.എമ്മിനോട് സന്ധിചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുമായി കെ.സുധാകരൻ ചർച്ച നടത്തിയതായും സൂചനയുണ്ട്. കെ.വി. തോമസ് സെമിനാറിൽ പങ്കെടുത്താൽ നടപടിയെടുക്കണമെന്ന് എ.ഐ.സി.സിയോട് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. സെമിനാറില്‍ പങ്കെടുക്കണോ എന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് കെ.വി തോമസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കെ.വി തോമസിന്റെ പേരും ഉള്‍പ്പെടുത്തിയതോടെയാണ് അദ്ദേഹം പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുക്കുമെന്ന അഭ്യൂഹം ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.