ഇടുക്കിയില്‍ ഭൂമികൈയേറ്റം വ്യാപകമെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്

കോട്ടയം: ഇടുക്കി ജില്ലയില്‍ ഭൂമികൈയേറ്റവും അനധികൃത നിര്‍മാണവും തകൃതിയാണെന്നും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുന്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ രഹസ്യ റിപ്പോര്‍ട്ട്. മൂന്നാര്‍, പള്ളിവാസല്‍, രാമക്കല്‍മേട് അടക്കം പ്രധാന കേന്ദ്രങ്ങളിലും അതിര്‍ത്തിമേഖലകളിലും ഭൂമാഫിയ പിടിമുറുക്കി. സര്‍ക്കാര്‍ ഭൂമി കൈയേറുന്നവരില്‍ ഏറെയും വന്‍ സ്വാധീനമുള്ള സ്വകാര്യവ്യക്തികളാണ്. രാഷ്ട്രീയക്കാരുടെ പങ്കും തള്ളുന്നില്ല.
അതിര്‍ത്തിപ്രദേശങ്ങളിലെ പാറമടകളെല്ലാം ക്വാറി മാഫിയയുടെ നിയന്ത്രണത്തിലായി. നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ഭൂ-പാറമട മാഫിയ കോടികളുടെ അനധികൃത ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും 30 പേജുള്ള എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയിലെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും ഒത്താശയോടെയാണ് ഇവരുടെ പ്രവര്‍ത്തനം.

ജില്ല ഭരണകൂടത്തിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് ഇവരുടെ സ്വാധീനമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.ജി.പി, ദക്ഷിണ മേഖല എ.ഡി.ജി.പി, കൊച്ചി റേഞ്ച് ഐ.ജി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഇപ്പോള്‍ കൊച്ചി റൂറല്‍ പൊലീസ് മേധാവിയായ എ.വി. ജോര്‍ജ് ‘മാധ്യമ’ത്തോട് പറഞ്ഞു. അനധികൃത കെട്ടിടനിര്‍മാണം വ്യാപകമാണ്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയോ അനുമതി നല്‍കേണ്ട സ്ഥാപനങ്ങളുടെയോ അംഗീകാരം ഇവര്‍ക്കില്ല. വന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് പലതും.

ഫയര്‍ ഫോഴ്സിന്‍െറ അനുമതി കെട്ടിടങ്ങള്‍ക്കില്ല. നിശ്ചിത നിലയിലധികം ഉയരത്തില്‍ കെട്ടിടങ്ങളുടെ നിര്‍മാണം വ്യാപകമാണ്. ഇത് നിയന്ത്രിച്ചില്ളെങ്കില്‍ വന്‍ അപകടസാധ്യതയും തള്ളാനാകില്ല. പരിസ്ഥിതിക്ക് ദോഷകരമായ പ്രവൃത്തികളാണ് നടക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ പ്രദേശങ്ങളിലെല്ലാം നിര്‍മാണം ഇപ്പോഴും നടക്കുന്നു. പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതെല്ലാം. അതിനാല്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും എസ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തിപ്രദേശങ്ങളിലെല്ലാം വന്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നതെന്നും ചിത്രങ്ങള്‍ സഹിതം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയില്‍ കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. യൂക്കാലിമരങ്ങളുടെ വ്യാപനം നിയന്ത്രിക്കണമെന്നും പകരം പച്ചപ്പിനായുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പരിസ്ഥതി വകുപ്പ് ഇടപെടണമെന്നും എസ്.പി ആവശ്യപ്പെടുന്നു.

 

Tags:    
News Summary - idukki land grab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.