നിലമ്പൂര്‍: നിലമ്പൂരിൽ വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ. ഞാൻ നിയമസഭയിലേക്ക് പോകും. രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗാണ് യു.ഡി.എഫ് സ്ഥാനാർഥി മണ്ഡലത്തിൽ പറഞ്ഞത്. ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചുവെന്നും അൻവർ പറഞ്ഞു.
'എൽ.ഡി.എഫിൽ നിന്ന് 25 ശതമാനം വോട്ട് എനിക്ക് ലഭിക്കും. യു.ഡി.എഫിൽ നിന്ന് 35 ശതമാനം വോട്ടും ലഭിക്കും. 75,000 ത്തിന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. ഇത് ആത്മവിശ്വാസമല്ല, യാഥാർത്ഥ്യമാണ്. 2016ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ ഞാനാണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം' -അൻവർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ബൂത്തിൽ കണ്ടുമുട്ടിയ ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് ആവശ്യപ്പെട്ട അൻവർ ഹസ്തദാനം മാത്രം നൽകി. വീട്ടിക്കുത്ത് ബൂത്തിൽ കണ്ടുമുട്ടിയപ്പോൾ എം. സ്വരാജും ഷൗക്കത്തും കെട്ടിപ്പിടിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് സിനിമാക്കാരനാണെന്നും അഭിനയമാണെന്നും അൻവർ ഇതിനോട് പ്രതികരിച്ചു.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ജൂൺ 23നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.