കോഴിക്കോട്: ശബരിമല സ്വർണ കൊള്ളക്കേസില്‍ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സോണിയാ ഗാന്ധിയുടെ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവന്നിട്ടില്ല. മുൻദേവസ്വം മന്ത്രി അടക്കമുള്ളവർ പ്രതിയോടെപ്പം ഒന്നിലധികം സോണിയയുടെ വീട്ടിൽ പോയിട്ടുണ്ട്. ഇതിൽ സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ടെന്നും ബേബി പറഞ്ഞു.
പത്‌മകുമാറിന് സ്വർണകൊള്ളയിൽ നേരിട്ട് പങ്കില്ല. തെറ്റ് കണ്ടുപിടിക്കുന്നതിൽ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാർ ചെയ്ത കുറ്റം. ചുമതലയിൽ ശ്രദ്ധചെലുത്താത്കൊണ്ട് അവിടെ ചില കുറ്റങ്ങളുണ്ടായി. ബോർഡ് ചെയർമാനായിരിക്കെ എല്ലാം ശ്രദ്ധിക്കേണ്ടതായിരുന്നു. അത് ശ്രദ്ധിച്ചില്ലെന്ന് കുറ്റമ മാത്രമേ ചെയ്തിട്ടുള്ളുവെന്നും ബേബി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഉച്ചാരണ ശുദ്ധിയില്ലാതെ ഇവിടെ പാട്ട് പാടിയല്ലോ? സ്വർണം കട്ടവനാരപ്പാ എന്ന് ചോദ്യം എവിടെ പോയി ചോദിക്കണം എന്നുള്ളത് ജനം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബേബി പറഞ്ഞു.
എസ്.ഡി.പി.ഐയോടു വോട്ട് ചോദിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. വോട്ട് ചെയ്യുന്നത് ഓരോരുത്തരുടെയും അവകാശമാണ്. സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി വോട്ട് ചെയ്യുന്നവരെ കടത്തിവിടാൻ കഴിയുമോ?. എസ്.ഡി.പി.ഐയുമായി ഡീല്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. കാസർകോട് എസ്.ഡി.പി.ഐ സ്ഥാനാർഥിയെ പിൻവലിക്കാൻ പറഞ്ഞത് യു.ഡി.എഫാണ്. തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സെഞ്ചറി അടിക്കും. തുടര്‍ ഭരണം ഉറപ്പാണ്. പേരാമ്പ്രയിലെ അനൗണ്‍സ്മെന്റില്‍ തെറ്റുപറ്റിയെങ്കിൽ തിരുത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥിയുടെ അറിവോടെ ഒന്നും സംഭവിച്ചിട്ടില്ല. മത ഭാഷാ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കുന്നത് ഇടതുപക്ഷമാണ്. മറ്റുള്ളവർ അവരെ വോട്ടുബാങ്കായി കാണുന്നെന്നും ബേബി വിശദീകരിച്ചു.
സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയൊടൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് സി.പി.എം അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. സംഭവത്തിൽ സോണിയാ ഗാന്ധിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പ്രവേശനം ലഭിച്ചതെന്നും സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.