പി.കെ ബഷീർ
25 കി.മീ റോഡിന് 647 കോടിയോ? ആരിഫും ആശയും ഒന്നും വിചാരിക്കരുത്...; എ.സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി പി.കെ ബഷീർ
ആലപ്പുഴ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ മാക്കേകടവ്–നേരേകടവ് പാലം ജനങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സമർപ്പിച്ചെങ്കിലും ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവിവാദങ്ങൾക്കും വാക്കുതർക്കങ്ങൾക്കും വേദിയായി. പാലത്തിന്റെ നിർമാണത്തിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ പങ്ക് ചൂണ്ടിക്കാട്ടി മുൻ ആലപ്പുഴ എംപി എ.എം. ആരിഫ് രംഗത്തെത്തി.
പാലത്തിന്റെ 90 ശതമാനം നിർമാണവും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയതെന്ന് എ.എം. ആരിഫ് പറഞ്ഞു. അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ഉദ്ഘാടനം നടത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി ലഭിക്കാത്തതിനാലാണ് അന്ന് ചടങ്ങ് നടക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വൈക്കം മുൻ എംഎൽഎ സി.കെ. ആശ വേദിവിട്ടു. ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ചാണ് വൈക്കം മുൻ എംഎൽഎ സി.കെ ആശ വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. എന്നാൽ, പാലം ഒരു ദിവസംകൊണ്ട് ഉണ്ടായതല്ലെന്നും വർഷങ്ങളായുള്ള ജനപ്രതിനിധികളുടെ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും ഫലമാണെന്നും ആരിഫ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ വിസ്മരിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. പ്രസംഗത്തിനിടെ ആരിഫിനെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചതായും റിപ്പോർട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിനിടെ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ആരിഫിനെയും ആശയേയും ചോദ്യം ചെയ്ത രംഗത്തെത്തി. 25 കിലോമീറ്റർ ദൂരമുള്ള ആലപ്പുഴ–ചങ്ങനാശ്ശേരി (എ.സി.) റോഡ് നിർമാണത്തിന് 647 കോടി രൂപ എങ്ങനെ ചെലവായെന്ന് ആരിഫും ആശയും വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.