മാഫിയയെ അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

കൊച്ചി: ജപ്തിയില്‍ മനംതകര്‍ന്ന കുടുംബനാഥന്മാരുടെ ആത്മഹത്യാവാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. സര്‍ഫാസി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഹൈകോടതിജംഗ്ഷനില്‍ നടത്തിയ ഐക്യദാര്‍ഢ്യ സംഗമത്തിലാണ് ആവശ്യം ഉയർന്നത്.

ബാങ്ക്മാനേജര്‍മാരുടെ ഒത്താശയോടെ മാഫിയ സംഘങ്ങള്‍ ചതിയില്‍പെടുത്തി അവരറിയാതെ ആധാരം പണയപ്പെടുത്തി വന്‍തുകകള്‍ ലോണെടുത്ത്, കുടുംബങ്ങളെ വഴിയാധാരമാക്കുകയാണ്. ഈ മാഫിയയെ അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം.

സര്‍ഫാസി നിയമം യു.എ.പി.എക്ക് തുല്യമായ കിരാത നിയമമാണെന്നും അനേകം കുടുംബങ്ങളെ കൂട്ട ആത്മഹത്യയിലേക്കും കിടപ്പാട ജപ്തിയിലേക്കും തള്ളിവിടുന്ന സര്‍ഫാസി പിന്‍വലിക്കണമെന്നും പിന്‍വലിക്കണമെന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്കുകളുടെ ജപ്തിനടപടികള്‍ നിര്‍ത്തിവെക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

സര്‍ഫാസി വിരുദ്ധ ജനകീയ സമിതി, കഴിഞ്ഞ ഒരു മാസമായി കളക്ട്രേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തെ തിരിഞ്ഞു നോക്കാത്തസര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും സംഗമം ചൂണ്ടിക്കാണിച്ചു. കോര്‍പ്പറേറ്റ് കുത്തകകളുടെ ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്ന ബാങ്കുകള്‍ നിലനില്‍പ്പിനായി കിടപ്പാടം പണയപ്പെടുത്തി വായപയെടുത്ത സാധുക്കളുടെ സ്വത്തുവകകള്‍ ജപ്തിചെയ്ത് അവരെ കുടുംബത്തോടെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്നത് ഫാസിസത്തിന്‍റെ ഏറ്റവും രൂക്ഷഭാവമാണ്.

സാധാരണക്കാരന്‍റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്നവരെന്ന് അവകാശപ്പെടുന്ന സഹകരണണസംഘങ്ങളും സര്‍ഫാസിയെന്ന കിരാതനിയമം ദുരുപയോഗിച്ച് ജപ്തി നടപടികള്‍ വേഗത്തിലാക്കി ആത്മഹത്യകളുടെ എണ്ണം വർധിപ്പിക്കുകയാണ്. ജനറല്‍ സെക്രട്ടറി ഫെലിക്സ് ജെ പുല്ലൂടന്‍റെ അധ്യക്ഷതയില്‍ നടന്ന സംഗമം പി.ഡബ്ല്യു.ഡി മുന്‍ ചീഫ് എഞ്ചിനീയര്‍ പി.എ ഷാനവാസ് ഉദ്ഘാടനം ചെയ്തു.

സിനിമ നടനും സംവിധായകനുമായ ആദം അയൂബ്, ജനകീയ സമിതി കണ്‍വീനര്‍ വി.സി ജെന്നി, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് വാച്ച് ജന. സെക്രട്ടറി ജോര്‍ജ്ജ് കാട്ടുനിലത്ത്, എഴുത്തുകാരന്‍ പി.എ പ്രേംബാബു, ലിനറ്റ് ജെയ്ന്‍ ബാബു, കെ.ഡി മാര്‍ട്ടിന്‍, കബീര് ഷാ, മരട് പീറ്റര്‍, പത്മകുമാര്‍, സ്റ്റാന്‍ലി പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

News Summary - Human Rights Watch urges Chief Minister to take action to suppress mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.