ഇൻഷുറൻസ് ക്ലെയിം പെെട്ടന്ന് തീർപ്പാക്കാൻ ഇൻഷുറൻസ് െറഗുലേറ്ററായ ഐ.ആർ.ഡി.എ.യും ഇൻഷുറൻസ് കമ്പനികളും സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനായി എല്ലാ ജില്ലകളിലും നോഡൽ ഒാഫിസർമാരെ നിയമിച്ചു. അവരെക്കുറിച്ചുള്ള വിവരം അതത് കമ്പനികളുടെ വെബ്സൈറ്റിൽ ലഭിക്കും. വാഹനങ്ങൾക്ക് നഷ്ടം സംഭവിച്ചാൽ പാക്കേജ് പോളിസിയിൽ ഇൻഷുർ ചെയ്തവർക്ക് നഷ്ടപരിഹാരം ലഭിക്കും. വാഹനത്തിന് കേടുപാട് സംഭവിച്ചാലും വാഹനം ഒഴുകിപ്പോയാലും നഷ്ടപരിഹാരം കിട്ടും. വിവിധ ഇൻഷുറൻസ് കമ്പനികളുടെ ഫ്ലഡ് കവറേജ് ക്ലെയിമിൽ ഉൾക്കൊള്ളിച്ചാണ് നഷ്ടപരിഹാരം നൽകുക. ഏജൻറിനെയോ ഇൻഷുറൻസ് ഓഫിസിലോ ആദ്യം വിവരം അറിയിക്കുക. വെള്ളത്തിൽ മുങ്ങിയ വാഹനത്തിെൻറ വിഡിയോയും ഫോേട്ടായും പകർത്തുന്നത് നല്ലതാണ്. വാഹനം നന്നാക്കും മുമ്പ് ഇൻഷുറൻസ് ഏജൻറുമായോ ഓഫിസുമായോ ക്ലെയിം സംബന്ധിച്ച് ധാരണയിലെത്തണം.
വാഹനം, വീട്, കെട്ടിടം, ഫാക്ടറി, സ്റ്റോക്ക്, കന്നുകാലികൾ, കൃഷി മുതലായവക്ക് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുക്കുമ്പോൾ അതത് സ്ഥാപനങ്ങൾതന്നെ ഇൻഷുർ ചെയ്യുകയാണ് പതിവ്. ഈ പോളിസികൾ അതത് ധനകാര്യ സ്ഥാപനങ്ങളിലാകും സൂക്ഷിക്കുക.
വായ്പ എടുത്തവർക്ക് കഷ്ടനഷ്ടങ്ങൾ ഉണ്ടായെങ്കിൽ ആദ്യം ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടണം. പോളിസികൾ ഏതെന്നും എത്രത്തോളം ഇൻഷുർ ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കണം. അതിനനുസരിച്ച് ക്ലെയിമിനായി അപേക്ഷിക്കാം. നഷ്ടപരിഹാരം ലഭിക്കാൻ ക്ലെയിം ഫോറത്തിനുള്ള അപേക്ഷ ആദ്യം നൽകണം. വാഹന ഇൻഷുറൻസ് ലഭിക്കാൻ എസ്റ്റിമേറ്റ് നിർബന്ധമാണ്. ക്ലെയിം ഫോറത്തിൽ എന്തിനാണോ നഷ്ടപരിഹാരം ലഭിക്കേണ്ടത് അതിെൻറ എസ്റ്റിമേറ്റും നഷ്ടം സംഭവിച്ചതിെൻറ വിവരവും നൽകണം. നഷ്ടപ്പെട്ടവയുടെ ഫോട്ടോ, വിഡിയോ എന്നിവയുണ്ടെങ്കിൽ അത് നൽകിയാൽ സഹായകരമാകും. മിക്കവാറും എല്ലാ ഇൻഷുറൻസ് കമ്പനികളും ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അർഹമായ ക്ലെയിം തുക ഉറപ്പാക്കാതെ വിലപേശലിന് വഴങ്ങരുത്. പക്ഷേ, ശരിയായ തുകക്ക് ഇൻഷുർ ചെയ്യാതിരിക്കുകയോ, പോളിസിയുടെ പരിധിയിൽവരാത്ത കാര്യങ്ങൾ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ക്ലെയിമുകൾ നിഷേധിക്കുകയോ, കുറഞ്ഞ തുകക്ക് ക്ലെയിം തീർപ്പാക്കുകയോ ചെയ്യാൻ കമ്പനികൾക്ക് അധികാരമുണ്ട്.
ക്ലെയിം ചെയ്യാൻ
പ്രളയജലത്തിൽ പോളിസി രേഖകൾ നഷ്ടപ്പെട്ടവർ വിരളമല്ല. പോളിസി നശിച്ചവർ, പോളിസി രേഖകൾ ധനകാര്യ സ്ഥാപനത്തിലുള്ളവർ എന്നിവരും ഉണ്ട്. അതിനാൽ വായ്പ എടുത്ത സ്ഥാപനവുമായി ബന്ധപ്പെട്ട് പോളിസിയുടെ പകർപ്പ് എടുക്കണം. പോളിസി എടുത്ത ഇൻഷുറൻസ് കമ്പനി, എടുത്ത മാസം, ഏതുതരം പോളിസി എന്നീ വിവരങ്ങൾ ഇൻഷുറൻസ് കമ്പനിക്ക് നൽകിയാൽ പോളിസി വിവരം കണ്ടുപിടിക്കാം. വീട്, കെട്ടിടം, മെഷിനറി എന്നിവ ക്ലെയിം ചെയ്യാനായി എസ്റ്റിമേറ്റ് തയാറാക്കണം. സ്റ്റോക്കിനാണെങ്കിൽ സ്റ്റോക്ക് രജിസ്റ്റർ, ഇൻവോയിസ് എന്നിവ മതി.
പോളിസികൾ പലവിധം
സ്വാഭാവികമരണം, അപകടമരണം എന്നിവ കവർ ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് പോളിസിയിലാണ്. അപകട മരണം, അംഗവൈകല്യം മുതലായവ കവർ ചെയ്യുന്നത് അപകട ഇൻഷുറൻസ് പോളിസിയിലാണ്. വെള്ളപ്പൊക്കം, മലയിടിച്ചിൽ, ഉരുൾപൊട്ടൽ, ചുമർ-മതിൽ ഇടിഞ്ഞുവീഴൽ, െകാടുങ്കാറ്റ് മുതലായ പ്രകൃതിദുരന്തങ്ങളെല്ലാം കവർ ചെയ്യുന്നത് ഫയർ ഇൻഷുറൻസ് പോളിസിയിലാണ്. വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും ഗോഡൗണിലും മറ്റും വെള്ളംകയറി ഉണ്ടാവുന്ന നാശനഷ്ടങ്ങളും ഇൗ പോളിസിയിൽതന്നെയാണ് കവർ ചെയ്യുന്നത്. കാർഷികവിളകൾക്ക് ക്ലെയിം ലഭ്യമാവുന്നത് കാലാവസ്ഥാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്. ഇൻഷുർ ചെയ്ത മൃഗങ്ങൾ അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കും.
നഷ്ടപരിഹാരം ലഭിക്കാൻ
1. പ്രളയക്കെടുതിയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധനയില്ല.
2. ആൾനാശം, പരിക്ക്, വീടുകൾക്കുള്ള നഷ്ടപരിഹാരം എന്നിവ റവന്യൂ വകുപ്പ് മുഖേനയാണ് ലഭിക്കുക. വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തഹസിൽദാർമാരാണ് ധനസഹായം അനുവദിക്കുക. കെട്ടിടങ്ങളുടെ നാശനഷ്ടം തിട്ടപ്പെടുത്തുക അതത് തദ്ദേശസ്ഥാപനത്തിലെ ഓവർസിയർ ആണ്. വീടിന് സംഭവിച്ച നാശനഷ്ടങ്ങൾ, പ്രകൃതിക്ഷോഭത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തവർക്കുള്ള ആശ്വാസധനം എന്നിവ റവന്യൂവകുപ്പ് വഴി നൽകും. കുറഞ്ഞ നഷ്ടപരിഹാരം 10,000 രൂപയായി നിശ്ചയിച്ചിട്ടില്ല. അപേക്ഷകൾ വില്ലേജ് ഓഫിസർക്ക് നൽകുക. സംഭവിച്ച നഷ്ടങ്ങളുടെ വ്യക്തതയുള്ള ഫോട്ടോകൾ കൈവശം സൂക്ഷിക്കുക.
3. കൃഷിനാശം സംബന്ധിച്ച അപേക്ഷകൾ കൃഷി ഓഫിസർക്ക് നൽകുക. അത് സംബന്ധിച്ച വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് കൃഷി ഓഫിസർ നേരിട്ട് ശേഖരിക്കും.
4. കന്നുകാലികൾക്ക് സംഭവിച്ച നഷ്ടം സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിൽ അപേക്ഷ നൽകുക. മൃഗാശുപത്രിയിലും അപേക്ഷ സ്വീകരിക്കും.
5. ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല റവന്യൂവകുപ്പിനാണ്. ക്യാമ്പുകൾ നടത്തുന്നത് വില്ലേജ് ഓഫിസർമാർ വഴിയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവർക്ക് നാമമാത്ര ധനസഹായം ലഭിക്കണമെങ്കിൽപോലും സർക്കാർ പ്രത്യേക ഉത്തരവിറക്കണം.
6. പ്രളയക്കെടുതിയിൽ നേരിട്ട നഷ്ടം ചെറുതോ വലുതോ ആകട്ടെ. അത് കാണിച്ച് ബന്ധപ്പെട്ട ഓഫിസുകളിൽ അപേക്ഷ നൽകണം. സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയുടെ നാശനഷ്ടം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തിട്ടപ്പെടുത്തുന്നത് ഈ വകുപ്പുകൾ വഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.