തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ പെൺകുട്ടികൾ ബഹുദൂരം മുന്നിൽ. വിജയശതമാനത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഏകദേശം 18.5 പോയിന്‍റ് വ്യത്യാസമുണ്ട്. സംസ്ഥാനത്തെ ആകെ വിജയ ശതമാനം 77.97 ശതമാനമാണ്. എന്നാൽ പെൺകുട്ടികളുടെ വിജയശതമാനം 86.89 ശതമാനം ആണ്. കഴിഞ്ഞ വർഷം 86.65 ശതമാനമായിരുന്നു ഇത്.
ആൺകുട്ടികളുടെ വിജയശതമാനം 68.41 ശതമാനം ആണ്. കഴിഞ്ഞ വർഷം ഇത് 68.44 ശതമാനമായിരുന്നു.സംസ്ഥാനത്തെ 1,990 സ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയവരിൽ 2,90,398 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടി ചരിത്രവിജയം സ്വന്തമാക്കിയ 60 വിദ്യാർഥികളിൽ 50 പേർ പെൺകുട്ടികളാണ്. കഴിഞ്ഞ വർഷം ഇത് 41 പേരായിരുന്നു. ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 30,561 ആയി വർധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 416 എണ്ണം കൂടുതലാണ്. പെൺകുട്ടികളുടെ മികച്ച വിജയശതമാനം ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ഫലപ്രഖ്യാപനത്തിനിടെ മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.
ജില്ലകളിൽ 84.64 ശതമാനത്തോടെ ഇടുക്കി ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയപ്പോൾ, 71.72 ശതമാനവുമായി കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലും (68,410), ഏറ്റവും കുറവ് വയനാട്ടിലുമാണ് (9,289). വിവിധ സ്കൂൾ വിഭാഗങ്ങളിൽ എയ്ഡഡ് സ്കൂളുകൾ 82.82% വിജയം നേടിയപ്പോൾ സർക്കാർ സ്കൂളുകൾ 72.66% വിജയം രേഖപ്പെടുത്തി. ആകെ 76 സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചതിൽ ഒമ്പത് സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു
വിവിധ വിഭാഗങ്ങളിലെ വിജയം
സയൻസ്: പരീക്ഷ എഴുതിയ 1,87,933 പേരിൽ 1,58,836 പേർ വിജയിച്ചു. വിജയശതമാനം 84.52 ശതമാനം ആണ്. കഴിഞ്ഞ വർഷം ഇത് 83.25 ശതമാനം ആയിരുന്നു.
കൊമേഴ്സ്: 1,08,567 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 81,147 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 74.74 ശതമാനം ആണ്. കഴിഞ്ഞ വർഷം ഇത് 74.21 ശതമാനം ആയിരുന്നു.
ഹ്യുമാനിറ്റീസ്: പരീക്ഷ എഴുതിയ 75,923 പേരിൽ 50,398 പേർ വിജയിച്ചു. വിജയശതമാനം 66.38 ശതമാനം ആണ്. കഴിഞ്ഞ വർഷം 69.16 ശതമാനം വിജയം ഉണ്ടായിരുന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഇത്തവണ ഏകദേശം മൂന്ന് ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.
ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
മൊബൈൽ ആപ്പുകൾ
SAPHALAM 2026
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.