തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈക്കോടതി വിമർശനം ഈ വീഴ്ചയുടെ തെളിവാണ്. എത്ര ലാഘവത്വത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങളെ സർക്കാരുകൾ കാണുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണിത്.
വയനാട് ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ദുരന്തത്തെ എൽ -3 വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ തയാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണ്. പുനരധിവാസത്തിന് എത്ര തുക വേണ്ടിവരുമെന്നും നിലവിലെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും എത്ര തുക ഉപയോഗിക്കാൻ സാധിക്കുമെന്നും ഉൾപ്പെടെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകാത്തത് ഗുരുതരമായ കുറ്റമാണ്.
ഇത് സംബന്ധിച്ച കോടതി വിമർശനം സംസ്ഥാന സർക്കാരിന്റെ ആത്മാർഥതയില്ലായ്മയാണ് തെളിയിക്കുന്നത്. പുനരധിവാസത്തിനായി ഭൂമി പോലും കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വലിയ വീഴ്ചയാണ്. ഇതേ തുടർന്ന് കർണാടക സർക്കാർ അടക്കം വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ വൈകുകയാണ്.
വീഴ്ചകൾ പരിഹരിച്ച് വയനാടിലെ പാവപ്പെട്ട ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.