നവകേരള സർവേ റദ്ദാക്കി ഹൈകോടതി; സർക്കാറിന് കനത്ത തിരിച്ചടി

കൊച്ചി: പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സർക്കാർ നടത്തുന്ന നവകേരള സർവേ റദ്ദാക്കി ഹൈകോടതി. 20 കോടി ചെലവഴിക്കുന്നതടക്കം സർവേ നടത്തിപ്പുമായി ബന്ധപ്പെട്ട 2025 ഒക്ടോബർ 10ലെയും തുടർന്നുമുള്ള സർക്കാർ ഉത്തരവുകൾ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് റദ്ദാക്കിയത്. സർവേക്കുള്ള നടപടിക്രമങ്ങളും തുക വിനിയോഗവും കാര്യ നിർവഹണ ചട്ടങ്ങൾക്കും ബജറ്റ് മാന്വലിനും വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.

പൊതുഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സർവേ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ.എസ്.യു നേതാവായ ഓടക്കാലി സ്വദേശി എം.എച്ച്. മുബാസ് എന്നിവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ജനുവരി ഒന്ന് മുതൽ ഫിബ്രവരി 28 വരെ നിശ്ചയിച്ച സർവേയാണ് കോടതി ഉത്തരവിലൂടെ റദ്ദാവുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സർവേയാണിതെന്നും പാർട്ടി ആഹ്വാന പ്രകാരമാണ് സർക്കാർ ഇത് നടപ്പാക്കിയതെന്നുമായിരുന്നു ഹരജിക്കാരുടെ ആരോപണം. സർക്കാർ ഉത്തരവും മന്ത്രിസഭാ തീരുമാനവും വരുന്നതിനു മുമ്പ്, സർവേക്ക് വളണ്ടിയർമാരാകാൻ നിർദേശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ നൽകിയതിന്‍റെ രേഖകൾ പരിശോധിച്ച കോടതി ഹരജിക്കാരുടെ വാദം തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കി. കേസിൽ എം.വി. ഗോവിന്ദനെയും കക്ഷി ചേർത്ത് വിശദീകരണം തേടിയിരുന്നു.

പ്രളയത്തിന്റേയും മറ്റും പശ്ചാത്തലത്തിൽ ദുരന്ത നിവാരണ കർമ സേനയെ തെരഞ്ഞെടുക്കുന്നതിന് 2020ൽ സജ്ജമാക്കിയ പോർട്ടൽ വഴിയാണ് വളണ്ടിയർമാരെ തെരഞ്ഞെടുത്തത്. കർമസേന എന്നത് ഏതെങ്കിലും സർവേ ലക്ഷ്യമിട്ടുള്ള സംവിധാനമല്ലെന്നും കോടതി പറഞ്ഞു.

നവകേരള സർവേയുടെ നോഡൽ ഓഫിസായി പബ്ലിക് റിലേഷൻസ് വകുപ്പ് തെരഞ്ഞെടുത്തത് റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്ന് ഹൈകോടതി വ്യക്തമാക്കി. സ്പെഷൽ പി.ആ‌ർ കാമ്പെയ്ൻ എന്ന പേരിൽ ഇത് ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പിനെ ഏൽപ്പിച്ച് 20 കോടി അനുവദിച്ചത് കുറുക്കു വഴി തേടലായിപ്പോയെന്നും കോടതി പറഞ്ഞു.

ഇൻഫർമേഷൻ വകുപ്പിന്റെ കാര്യ നിർവഹണ ചട്ടത്തിൽ കമ്യൂണിറ്റി ലിസണിങ് സ്കീമുകൾക്കായി 4.6 കോടി വിനിയോഗിക്കാനാണ് അനുമതിയുള്ളത്. ബജറ്റിൽ ഉൾപ്പെടുത്താതെ അധിക പദ്ധതി വിഹിതം ചെലവിടുന്നതിന് നിയമസഭയുടെ മുൻകൂ‌ർ അനുമതി തേടണം.

ബില്ലുകൾക്ക് അംഗീകാരവും നേടണം. തുക ചെലവിട്ടശേഷം അംഗീകാരം നേടിയാൽ മതിയെന്ന സർക്കാർ വാദം നിലനിൽക്കുന്നതല്ല. അധികാരപരിധി മറികടന്ന് നവകേരള സർവേ ഇൻഫർമേഷൻ വകുപ്പിനെ ഏൽപിച്ചതിനും കൂടുതൽ തുക നൽകിയതിനും മതിയായ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - High Court cancels Nava Kerala survey; major setback for the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.