തിരുവനന്തപുരം: മാതൃസ്ഥാപനത്തിലെ നിയമനം യോഗ്യതയില്ലെന്ന് കണ്ട് ഹൈകോടതി റദ്ദാക്കിയതോടെ കേരള സർവകലാശാലയിലെ ബി.ജെ.പി സിൻഡിക്കേറ്റംഗം ഡോ. വിനോദ് കുമാർ ടി.ജി. നായർ അയോഗ്യനാകും. ചാൻസലറായ ഗവർണറുടെ നോമിനിയായി സർവകലാശാല ഭരണസമിതിയിൽ കയറിക്കൂടിയ വിനോദ്കുമാറിന്റെ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ടി.ബി.ജി.ആർ.ഐ) സീനിയർ സയന്റിസ്റ്റ് നിയമനം കോടതി റദ്ദാക്കിയിരുന്നു. സർവകലാശാലക്ക് പുറത്തുനിന്നുള്ള ഗവേഷണ സ്ഥാപനത്തിലെ പ്രതിനിധി എന്ന നിലയിലാണ് വിനോദ്കുമാറിനെ ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്തത്.
പിന്നീട് സർവകലാശാല സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ, യോഗ്യതയില്ലെന്ന് കണ്ട് കോടതി സീനിയർ സയന്റിസ്റ്റ് തസ്തികയിലെ നിയമനം റദ്ദാക്കിയതോടെ അതുവഴി നേടിയ സർവകലാശാല സെനറ്റംഗത്വവും അസാധുവാക്കേണ്ടിവരും. ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും വേണ്ട തസ്തികയിൽ ആയുർവേദത്തിൽ ബിരുദം മാത്രം യോഗ്യതയുള്ള വിനോദ്കുമാർ 2015ൽ നിയമനം നേടുകയായിരുന്നു.
‘എത്നോമെഡിസിൻ ആൻഡ് എത്നോ ഫാർമക്കോളജി’ വിഭാഗത്തിൽ മതിയായ യോഗ്യതയില്ലാതെ നേടിയ സീനിയർ സയന്റിസ്റ്റ് നിയമനം വിവാദമാവുകയും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. 40 വയസ്സ് കവിയാത്ത ഉദ്യോഗാർഥികൾക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന തസ്തികയിലേക്ക് വിനോദ് കുമാറിന് 47ാം വയസ്സിലാണ് നിയമനം നൽകിയത്. കോടതി വിധിക്ക് പിന്നാലെ ടി.ബി.ജി.ആർ.ഐ വിനോദ്കുമാറിനെ പുറത്താക്കുകയായിരുന്നു.
കേരള സർവകലാശാല ഭരണസമിതികളിലേക്ക് ലോക്ഭവൻ വഴി ബി.ജെ.പി നോമിനികളെ തിരുകിക്കയറ്റുന്ന പദ്ധതിയുടെ ഭാഗമായാണ് വിനോദ്കുമാർ ആദ്യം സെനറ്റിലും പിന്നീട് സിൻഡിക്കേറ്റിലും ഇടംപിടിച്ചത്. ടി.ബി.ജി.ആർ.ഐയിൽനിന്ന് പുറത്താക്കിയതോടെ വിനോദ്കുമാർ സർവകലാശാല സിൻഡിക്കേറ്റിൽനിന്ന് രാജിവെക്കണമെന്നും ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ നോമിനേഷൻ ചാൻസലർ പിൻവലിക്കണമെന്നും സിൻഡിക്കേറ്റിന്റെ ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി. മുരളീധരൻ ആവശ്യപ്പെട്ടു.
വിനോദ്കുമാറിനെ സർവകലാശാലയിൽനിന്ന് ഉടൻ പുറത്താക്കാനാവശ്യമായ നടപടി വൈസ് ചാൻസലർ സ്വീകരിക്കണമെന്ന് കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.