പ്രതീകാത്മക ചിത്രം
കൊച്ചി: അർധ ജുഡീഷ്യൽ തീരുമാനങ്ങളെടുക്കുന്നതിലടക്കം കേരള വഖഫ് ബോർഡിന് നിയന്ത്രണമില്ലെന്ന് ഹൈകോടതി. നയ തീരുമാനങ്ങളെടുക്കാനും മൂലധന ചെലവുകൾ നിർവഹിക്കാനും മാത്രമേ ബോർഡ് ഹൈകോടതിയുടെ അനുമതി തേടേണ്ടതുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തി.
വഖഫ് ബോർഡിന്റെ ഭരണം ജോയന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാക്കിയ ഹൈകോടതി ഉത്തരവിലെ നിർദേശം ബോർഡ് നൽകിയ ഹരജിയിൽ സുപ്രീംകോടതി നീക്കിയത് സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നിലവിലെ വഖഫ് ബോർഡ് രൂപവത്കരിച്ചത് നിയമപരമാണോ എന്ന് പരിശോധിക്കാനും കോടതി തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ വഖഫ് ബോർഡ് രൂപവത്കരിച്ചത് നിയമപരമല്ലെന്നും അതിനാൽ പുനഃസംഘടിപ്പിക്കണമെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതിനായി സർക്കാറടക്കം ബന്ധപ്പെട്ട എല്ലാവരും മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നാലാഴ്ച കഴിഞ്ഞ് വിഷയം പരിഗണിക്കുമെന്നും വ്യക്തമാക്കി.
അതിനിടെ, രണ്ട് അമുസ്ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. പുനഃസംഘടിപ്പിക്കാനുള്ള അവകാശം നിലനിർത്തി തന്നെ രണ്ട് അമുസ്ലിംകളെ ഉൾപ്പെടുത്തുന്നത് പരിഗണിക്കാനാണ് നിർദേശിച്ചത്. കേരള വഖഫ് ബോർഡിൽ മുസ്ലിംകളല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതും ശിയ വിഭാഗത്തിൽനിന്നുള്ള അംഗത്തെ ഉൾപ്പെടുത്താത്തതും ചോദ്യം ചെയ്യുന്ന ഹരജികളാണ് കോടതി പരിഗണിച്ചത്. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവിസസ് (ആക്ട്സ്), ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് തുടങ്ങിയവരാണ് ഹരജിക്കാർ.
വഖഫ് നിയമത്തിന്റെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാതിനിധ്യം നിർണയിക്കാതെയാണ് നിലവിലെ വഖഫ് ബോർഡ് രൂപവത്കരിച്ചതെന്ന് അഡ്വക്കറ്റ് ജനറൽ ജാജു ബാബു വാദിച്ചു. രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയാൻ മാത്രം പരിഹരിക്കാവുന്ന വിഷയമല്ലാത്തതിനാലാണ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും വിശദീകരിച്ചു.
എന്നാൽ, ഇക്കാര്യം കോടതിയുടെ പരിഗണനയിലുള്ള ഹരജികളിലോ സർക്കാർ നേരത്തെ ഫയൽ ചെയ്ത വിശദീകരണത്തിലോ ഉന്നയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് സത്യവാങ്മൂലം നൽകാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.