കരട് രേഖ അന്തിമമാക്കൽ; സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയും
തിരുവനന്തപുരം: വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുന്ന കരട് പാർട്ടി രേഖക്ക് അന്തിമ രൂപം നൽകാനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് തിങ്കളാഴ്ച തുടക്കമാകും. കനത്ത തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ നയരൂപവത്കരണങ്ങൾക്കും തുടർപ്രവർത്തനങ്ങൾക്കും അടിസ്ഥാനമാകുന്ന നിർണായക രേഖയാണ് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വരുന്നത്. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഈ രാഷ്ട്രീയ രേഖ പാർട്ടിയുടെ ഭാവി പ്രവർത്തന ശൈലി, കേഡർ നയം, നേതൃത്വത്തിന്റെ ഉത്തരവാദിത്തം എന്നിവയിലെ തിരുത്തലിനുള്ള തുടക്കമായിരിക്കും.
രണ്ടു ദിവസം നീളുന്ന യോഗത്തിൽ കരട് രേഖയിൽ വിശദ ചർച്ചകൾ നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ രേഖക്ക് അതേപടി സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകുമോ അതോ തിരുത്തൽ നിർദേശിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. മുമ്പ് തെരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച് ജില്ലകളിൽനിന്നുള്ള അഭിപ്രായങ്ങൾ സമാഹരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ സംസ്ഥാന സമിതി നിരവധി തിരുത്തലുകൾ വരുത്തിയിരുന്നു. ജില്ലകളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾ വെട്ടിനിരത്തിയുള്ള റിപ്പോർട്ടാണ് അന്ന് സെക്രട്ടേറിയറ്റ് തയാറാക്കിയിരുന്നത്.
നേതൃമാറ്റത്തിന് തടയിടാൻ, പരാജയ കാരണം ജനങ്ങൾക്ക് സംഭവിച്ച വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കം ഒരു വിഭാഗം വാദിക്കുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജനങ്ങൾക്കല്ല, പാർട്ടിക്കാണ് വീഴ്ച പറ്റിയതെന്ന വാദം സംസ്ഥാന കമ്മിറ്റിയിൽ ഒരു വിഭാഗത്തിനുണ്ട്. ഇതിന്റെ അനുരണനങ്ങൾ നേരത്തേതന്നെ പുറത്തുവരികയും ചെയ്തിരുന്നു.
പാർട്ടി നേതാക്കളുടെ പെരുമാറ്റത്തിൽ തെറ്റുകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലുകളുടെ ചുവടുപിടിച്ചാണ് ഈ വിഭാഗവും നിലപാട് കടുപ്പിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടി അണികളിലും വോട്ടർമാർക്കിടയിലും ഉണ്ടായ അകൽച്ച പരിഹരിക്കാൻ കേന്ദ്ര നേതൃത്വം നിഷ്കർഷിച്ച ‘ശൈലീമാറ്റം’ അനിവാര്യമാണെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിലും ഉയരാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.