കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനവുമായി ഹൈകോടതി. സ്വർണക്കൊള്ള അപൂർവമായ കുറ്റകൃത്യമാണെന്ന് ഹൈകോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ്. ആരോപണം കേട്ടുകേൾവിയില്ലാത്തതും ഗൗരവമേറിയതെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിയാണ് ഹൈകോടതിയുടെ നിരീക്ഷണം.
നിയമം എല്ലാവർക്കും ബാധകമാണ്. അത് ഒരേപോലെ പ്രത്യേക അന്വേഷണ സംഘം വിനിയോഗിക്കണം. അന്വേഷണത്തിൽ വിവേചനം പാടില്ല. ഉത്തരവാദപ്പെട്ട ആളുകളിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിൽ എസ്.ഐ.ടി അലംഭാവം കാണിക്കുന്നു. അഴിമതി സമൂഹത്തെ ബാധിക്കുന്ന കാൻസറാണെന്നും ഇത്തരം കേസുകൾ കോടതികൾ സമാന്തരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന്‍റെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോൾ ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹത്തിനും തിരുവാഭരണത്തിലും പതിച്ചിരിക്കുന്ന സ്വർണം അധികാരികൾ ചേർന്ന് ദുരുപയോഗം ചെയ്തെന്ന ആരോപണം കേട്ടുകേൾവിയില്ലാത്തതാണ്. വിശ്വാസികളെ ബാധിക്കുന്ന കാര്യമാണ്. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ അതിനെ നശിപ്പിക്കുന്നവരായി മാറുന്നു.
ഗൂഢാലോചനയും ഉദ്യോഗസ്ഥ പങ്കാളിത്തവും വളരെ വ്യക്തമാണ്. രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമാകും. സ്വർണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങളും പാളികളും വെറും ചെമ്പാണെന്ന് രേഖപ്പെടുത്തിയത് സ്വർണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
മുതിർന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ദേവസ്വം മാനുവൽ പ്രകാരം സ്വർണ ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പ്രതികൾ ലംഘിച്ചു. ഇത് ഗൂഢാലോചനയുടെ തുടർച്ചയാണെന്ന് സംശയിക്കണം. ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വർണവേട്ട നടക്കില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.