കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കാത്തതിെൻറ പേരിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. മന്ത്രിമാർക്ക് വിദേശയാത്രയിൽ മാത്രമാണോ താൽപര്യമെന്നും സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നുമടക്കം വിമർശനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽനിന്ന് വാക്കാലുണ്ടായത്. നാളികേര വികസന കോർപറേഷൻ ജീവനക്കാർക്ക് കുടിശ്ശികയടക്കം ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
പിരിഞ്ഞുപോയവരടക്കം ജീവനക്കാർക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ 2018 ഒക്ടോബർ 17ന് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹരജി പരിഗണനക്കെത്തിയത്. ഉത്തരവുകൾ നടപ്പാക്കുന്നതിൽ സർക്കാർ വിമുഖത കാണിക്കുകയാണെന്ന് ഹരജി പരിഗണിക്കവേ കോടതി ആരോപിച്ചു. നടപ്പാക്കാതിരിക്കാനാണെങ്കിൽ എന്തിനാണ് കോടതികള്‍ ഉത്തരവുകളിറക്കുന്നത്. ഇങ്ങനെയാണെങ്കിൽ വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല. മന്ത്രിമാര്‍ക്ക് താൽപര്യം വിദേശയാത്രകളില്‍ മാത്രമാണോ.
ജനങ്ങൾക്ക് അവർ അർഹിക്കുന്ന സർക്കാറിനെയാണ് ലഭിക്കുകയെന്നൊരു ചൊല്ലുണ്ട്. ഇൗ സർക്കാറിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. സർക്കാർ പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നുണ്ട്. നാളികേര വികസന കോർപറേഷെൻറ ഭൂമി മറ്റൊരു സ്ഥാപനത്തിന് പാട്ടത്തിന് നൽകിയിട്ടും ജീവനക്കാരുടെ കുടിശ്ശിക നൽകിയില്ല. ഇവരെ തൂക്കിക്കൊല്ലുകയായിരുന്നു ഇതിലും ഭേദം.സര്‍ക്കാറിെൻറ പ്രവര്‍ത്തനം കാര്യക്ഷമമല്ല. എ.സി മുറികളിലിരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഐ.എ.എസുകാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുന്നില്ല.
ഉദ്യോഗസ്ഥ ലോബിയുടെ ബന്ദിയാണ് സർക്കാറെങ്കിൽ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.