നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; പ്രതിയെ ഹൈകോടതി വെറുതെവിട്ടു

കൊച്ചി: നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ച ബന്ധുവായ സ്ത്രീയെ ഹൈകോടതി വെറുതെ വിട്ടു. 2016 ഒക്ടോബർ 13ന് മേബയെന്ന കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ തൃശൂർ ജില്ലാ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് ഒല്ലൂർ സ്വദേശി ശൈലജയെ ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.

ശാസ്ത്രീയ പരിശോധനകൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെങ്കിലും സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസ് പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. ശൈലജയുടെ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

മേബയുടെ മുത്തച്ഛന്റെ സഹോദരിയാണ് ശൈലജ. മറ്റ് കുട്ടികൾക്കൊപ്പം തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മേബയെ കളിക്കാൻ വിട്ട ശേഷം മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സംഭവം.

തെരച്ചിലിൽ കുട്ടിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയതോടെ ശൈലജക്കെതിരെ വീട്ടുകാർ സംശയമുന്നയിക്കുകയായിരുന്നു. നേരത്തെ കുട്ടിയുടെ സ്വർണ അരഞ്ഞാണം കാണാതായ സംഭവത്തിൽ ഹരജിക്കാരിയെ വീട്ടുകാർ ചോദ്യം ചെയ്യുകയും ഇവരെ വീട്ടിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.

എന്നാൽ, കുറ്റകൃത്യത്തിന് ശക്തമായ പ്രേരണയായി ഇതിനെ കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരിയാണ് കൊല നടത്തിയതെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിലും പാളിച്ചയുണ്ട്. പൊലീസ് തുടരന്വേഷണം നടത്തിയത് തെളിവുകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സംഭവത്തിന് തൊട്ടുമുമ്പ് ഹരജിക്കാരിയെ കുട്ടിക്കൊപ്പം കണ്ടുവെന്ന് മൊഴി നൽകിയ ആളെ സാക്ഷിയാക്കിയത് മൂന്ന് വർഷത്തിന് ശേഷമാണ്.

മേബയുടെ ഒപ്പം കളിച്ചിരുന്ന കുട്ടികളെ സാക്ഷിയാക്കുന്നതിലും വീഴ്ചയുണ്ടായി എന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - High Court acquits accused in case of killing four-year-old girl in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.