അണക്കെട്ടുകള്‍ക്ക് വറുതിക്കാലം

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്കിത് അതിതീക്ഷ്ണമായ വറുതിക്കാലമാണ്. വരള്‍ച്ചയില്‍ നീരൊഴുക്ക് നിലച്ചതോടെ മിക്ക അണക്കെട്ടുകളിലും ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയില്‍ താഴെയത്തെി. ഇതോടെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 88 ശതമാനത്തിലധികവും പുറത്തുനിന്ന് വാങ്ങുകയാണ്.

പ്രധാനപ്പെട്ട 16 അണക്കെട്ടുകളിലെല്ലാം കൂടി 42 ശതമാനം മാത്രം വെള്ളമാണുള്ളത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 77.73 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ 8.032 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഇവടെ ഉല്‍പാദിപ്പിച്ചത്. 59.70 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങി. ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയില്‍ ഇപ്പോള്‍ പ്രതിദിന ഉല്‍പാദനം 1.962 ദശലക്ഷം യൂനിറ്റാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇതേസമയം പ്രതിദിനം എട്ടു ദശലക്ഷം യൂനിറ്റുവരെ ഉല്‍പാദിപ്പിച്ചിരുന്നു. ഇടുക്കി അണക്കെട്ടില്‍ 2335.58 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 34.21 ശതമാനം മാത്രം.

ജലനിരപ്പ് താഴ്ന്ന ഇടുക്കി ജലാശയത്തിന്‍െറ കുളമാവ് ഭാഗത്തുനിന്നുള്ള ദൃശ്യം
 


കഴിഞ്ഞ വര്‍ഷം ഇതേ സമയം 2356.10 അടി വെള്ളമുണ്ടായിരുന്നു. അതിനെ അപേക്ഷിച്ച് ജലനിരപ്പ് 21 അടി താഴെയാണ്. ഇടുക്കിക്ക് പുറമെ പമ്പ, ആനയിറങ്കല്‍, പൊന്മുടി, ചെങ്കുളം തുടങ്ങിയ ജലാശയങ്ങളിലും ജലനിരപ്പ് സംഭരണശേഷിയുടെ 50 ശതമാനത്തില്‍ താഴെയത്തെി. അതിരൂക്ഷമായ വരള്‍ച്ച മുന്നില്‍കണ്ട് ഡിസംബര്‍ ആദ്യം മുതല്‍ മൂലമറ്റം നിലയത്തില്‍ ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. വിലക്കുറവുള്ള സമയത്ത് ആഭ്യന്തര ഉല്‍പാദനം പരമാവധി കുറച്ച് പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുകയും മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ആഭ്യന്തര ഉല്‍പാദനം പരമാവധി ഉയര്‍ത്തി പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറക്കുകയമായിരുന്നു ലക്ഷ്യം. ഇതുമൂലം ഇടുക്കിയില്‍ മാത്രം 600 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം കരുതല്‍ ശേഖരമായി സൂക്ഷിക്കാന്‍ കഴിഞ്ഞു.


ഉപഭോഗം കുത്തനെ ഉയരുന്ന മാര്‍ച്ച് മുതല്‍ പ്രതിദിന ഉല്‍പാദനം എട്ട്  ദശലക്ഷം യൂനിറ്റ് വരെയാക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനം. ഇതോടെ പ്രതിമാസ ഉല്‍പാദനം നിലവിലെ 75ല്‍നിന്ന് 250 ദശലക്ഷം യൂനിറ്റായി ഉയരും. ഇടുക്കിയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 31 ശതമാനവും തുലാമഴയില്‍ 69 ശതമാനവും കുറവുണ്ടായതായാണ് കണക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ ഈമാസം എട്ടുവരെയുള്ള മഴയുടെ അളവ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 31 ശതമാനം കുറഞ്ഞു. ഇടുക്കി ജലസംഭരണിയില്‍ കൂടുതല്‍ വെള്ളമത്തെിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി ബോര്‍ഡ് 10 വര്‍ഷം മുമ്പ് കമീഷന്‍ ചെയ്ത അഞ്ച് ഡൈവേര്‍ഷന്‍ പദ്ധതികളില്‍നിന്ന് നീരൊഴുക്ക് ഏറക്കുറെ നിലച്ചു. വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ ലോറേഞ്ച് പ്രദേശങ്ങളില്‍ കൂടിയ ചൂട് 35 ഡിഗ്രിയും ഹൈറേഞ്ചില്‍ 29 ഡിഗ്രിയുമാണ്.

Tags:    
News Summary - heats in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.