മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും 48 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ബുധനാഴ്ച മാത്രം ജില്ലയിൽ 14 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു.
പനി ബാധിച്ച് ബുധനാഴ്ച മാത്രം 1686 പേർ ചികിത്സ തേടി. പൂക്കോട്ടൂർ, പള്ളിക്കൽ, കൊണ്ടോട്ടി, മലപ്പുറം ബെൽറ്റിൽ മഞ്ഞപ്പിത്തം വ്യാപനം തുടരുകയാണ്. അതേസമയം, മലേറിയ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതെല്ലാം അന്തർസംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ യാത്ര ചെയ്ത് വന്നവരിലാണ്.
ജില്ലയിൽ എലിപ്പനി ബാധയും വർധിക്കുന്നു. ചൊവ്വാഴ്ച അഞ്ച് പേരെ എലിപ്പനി സംശയത്താൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച ഒമ്പത് കേസുകൾ റിപ്പോർട്ട് ചെയ്തിൽ ഏഴ് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 20 ഓളം എലിപ്പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തലവേദനയോട് കൂടിയ പനിയും ശരീരവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണം. രോഗാവസ്ഥ അനുസരിച്ച് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നു. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടിക്കൊണ്ടുപോയവരാണ് രോഗബാധിതരിൽ കൂടുതലും. പ്രായഭേദമന്യെ ആർക്കും എലിപ്പനി ബാധിക്കാം.
ലക്ഷണം കാണുന്ന സമയത്ത് തന്നെ ചികിത്സ തേടിയില്ലെങ്കിൽ അപകടമാണ്. സംസ്ഥാനത്ത് ഈ മാസം മാത്രം ഏഴ് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിൽ ഈ വർഷം 14 എലിപ്പനി മരണങ്ങൾ ഉണ്ടായി. 14 മരണങ്ങൾ എലിപ്പനി ബാധ മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.