തലയെണ്ണലിന്​ കനം തൂങ്ങിയില്ല; ജനവികാരത്തിൽ വിരിഞ്ഞ ‘വി.ഡി. വിസ്മയം’

തിരുവനന്തപുരം: സ്വാഭാവികനീതി മറികടന്ന് തലയെണ്ണലിൽ ചുറ്റിക്കറങ്ങി നിന്ന ഹൈകമാൻഡ് ഒടുവിൽ കണക്കുകള്ളികൾക്കപ്പുറം ജനവികാരം തിരിച്ചറിഞ്ഞതും ഘടകകക്ഷികളുടെ മനസ്സറിഞ്ഞതുമാണ് മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശൻ ഒന്ന ഒറ്റപ്പേരിലേക്ക് കാര്യങ്ങളെത്തിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന കാർക്കശ്യം മാറ്റിവെച്ച് ലോക്സഭാംഗത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ആനയിക്കുന്നത് അനുചിതമാകുമെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ടായി.

മറുഭാഗത്ത്, കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ കൈവരിക്കാനാകാത്ത ജനപിന്തുണയാണ് ജനവിധിക്ക് ശേഷമുള്ള 10 ദിവസത്തെ മുഖ്യമന്ത്രി ചർച്ചയിൽമാത്രം വി.ഡി. സതീശന് ലഭിച്ചത്. ജനവികാരത്തിന്‍റെ വ്യാഖ്യാനവും പര്യായവുമായി വി.ഡി. മാറി. ‘ജനവികാരം പരിഗണിക്കണം’ എന്ന പരാമർശം തന്നെ സതീശന് വേണ്ടിയുളള്ള വാദമായി അംഗീകരിക്കപ്പെട്ടു. ഇത് തിരിച്ചറിച്ചാണ് ലീഗും ജോസഫ് വിഭാഗവുമടക്കം ആരുടെയും പേരുപറയാതെ ജനവികാരം മാനിക്കണമെന്ന് വാദിച്ച് പരോക്ഷമായി സതീശന് പിന്തുണയേകിയത്.

ഇതോടെ സി.പി.എം വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദന് ലഭിച്ച നായകപരിവേഷത്തിനും പിണറായി വിജയന് ചാർത്തിക്കിട്ടിയ വില്ലൻ പരിവേഷത്തിനും സമാനമായി വി.ഡി-കെ.സി തർക്കത്തിലുണ്ടായ പ്രതിഛായ നിർമിതി. കെ.സി. വേണുഗോപാലിന് അനുകൂലമായുള്ള പോസ്റ്റുകളുടെ കമന്‍റ്ബോക്സുകളിൽ വ്യാപകമായുണ്ടായ വിമർശനം ജനവികാരത്തിന്‍റെ പ്രതിഫലനമായിരുന്നു.

അഞ്ച് വർഷം വിയർപ്പൊഴുക്കിയവനെ മാറ്റിനിർത്തി അധികാരം മറ്റൊരാൾ റാഞ്ചുന്നുവെന്ന വിധത്തിലായിരുന്നു പാർട്ടിയിലെയും പുറത്തെയും ചർച്ചകൾ. ഇത്തരത്തിൽ എതിർ വികാരം ശക്തമായ സാഹചര്യത്തിൽ വി.ഡിയെ തള്ളി, കെ.സിയെ പരിഗണിക്കുന്നപക്ഷം രണ്ടു ഉപതെരഞ്ഞെടുപ്പുകളെ നേരിടൽ വലിയ കടമ്പയാകുമെന്നും ഹൈകമാൻഡ് തിരിച്ചറിഞ്ഞു.

ഇതോടെയാണ് കോൺഗ്രസ് സംഘടന സംവിധാനത്തിലെ പ്രബലവിഭാഗവും എം.എൽ.എമാരിൽ ഭൂരിഭാഗവും പിന്തുണച്ചെങ്കിലും കെ.സിയെ പിന്തള്ളി ‘നാച്വുറൽ ചോയിസ്’ എന്നതിലേക്ക് സതീശന്‍റെ പേരെത്തിയത്. സീനിയോറിറ്റി പിടിവള്ളിയാക്കിയും ഒപ്പം വി.ഡി-കെ.സി തർക്കത്തിനിടെ ‘ഒത്തുതീർപ്പ് മുഖ്യൻ’ എന്നതുമായിരുന്നു രമേശ് ചെന്നിത്തലയുടെ പിടിവള്ളിയെങ്കിലും ഈ ഫോർമുലക്ക് ഹൈകമാൻഡ് പരിഗണന കിട്ടിയില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് സതീശൻ വിഭാഗം നീങ്ങിയതും പുനർവിചിന്തനത്തിന് വഴിയൊരുക്കി. സർക്കാറിനെതിരെ കുറ്റപത്രം സമർപ്പിച്ചതിനൊപ്പം ബദലുകളും പരിഹാരങ്ങളും നിർദേശിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ച് വർഷത്തെ സതീശന്‍റെ ഇടപെടലുകൾ.

യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ഇവ നടപ്പാക്കുമെന്ന വാഗ്ദാനം നൽകിയതും സതീശനായിരുന്നു. എന്നാൽ, ഇതൊന്നും നടപ്പാക്കാൻ കഴിയാത്തവിധം ഭരണപരമായി പരിമിതിയുള്ള ഏതെങ്കിലുമൊരു വകുപ്പ് ചുമതലയുമായി മന്ത്രിസഭയിലേക്ക് ചുരുങ്ങേണ്ടെന്നായിരുന്നു സതീശൻ ക്യാമ്പിന്‍റെ നിലപാട്. ഇത്തരത്തിൽ അധികാര പദവികൾ ത്യജിച്ച സതീശൻ മാറിനിൽക്കുന്നപക്ഷം കോൺഗ്രസിനെതിരെ ഉണ്ടാകാനിടയുള്ള കനത്ത ജനവികാരം പ്രഹരമേൽപ്പിക്കുമെന്നതും നേതൃത്വം തിരിച്ചറിഞ്ഞു.

എം.എൽ.എമാരുടെ മനസ്സറിയാൻ നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ചയിൽ മേൽകൈ കെ.സിക്കായിരുന്നുവെങ്കിലും അവഗണിക്കാനാകാത്തവിധം ഒരുവിഭാഗം എം.എൽ.എമാർ സതീശന് അനുകൂലമായിരുന്നു.

ഘടകകക്ഷികളും സതീശനൊപ്പം നിന്നു. ഇതെല്ലാം മുൻനിർത്തി എം.എൽ.എമാരുടെ എണ്ണം മാത്രം മുൻനിർത്തി ഒറ്റപ്പേരിലേക്ക് എത്താനാവില്ലെന്ന നിലപാടാണ് നിരീക്ഷകർ ഹൈകമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ മൂന്ന് നേതാക്കളെയും കേട്ടതിന് പിന്നാലെ കേരളത്തിലെ കെ.പി.സി.സി മുൻ പ്രസിഡന്‍റുമാരടക്കമുള്ള മുതിർന്ന നേതാക്കളുടെ കൂടി അഭിപ്രായം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. സമാന്തരമരമായി ഏജൻസികളെ ആശ്രയിച്ചുള്ള വിവരശേഖരണത്തിലും സതീശന്‍റെ പേരിനായിരുന്നു മുൻതൂക്കം. ഒരുവേള വി.ഡിയെ മറികടന്ന് കെ.സിയെ പരിഗണിക്കുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ വയനാട്ടിൽ സാക്ഷാൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ജനവികാരം ജനരോഷത്തിന് വഴിമാറുന്നതിന്‍റെ പ്രതിഫലനമായി.

Tags:    
News Summary - Headcount lacked weight; the 'V.D. Wonder' bloomed from public sentiment.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.