ഹാരിസൺസ് വ്യാജരേഖ : കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി

കൊച്ചി: ഹാരിസൺസ് കമ്പനി അധികൃതർ ഭൂമിക്ക് വ്യാജരേഖ തയാറാക്കിയെന്ന കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന് കോടതിയിൽനിന്ന് തിരിച്ചടി. വിജിലൻസ് കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം പാളിയതെന്ന് അഡ്വ. കഴക്കൂട്ടം നാരായണൻ നായരും അഡ്വ. മനോജ് പരമേശ്വരനും 'മാധ്യമ'ത്തോട് പറഞ്ഞു.

2020 ഡിസംബറിലാണ് കേസ് അവസാനിപ്പിക്കാമെന്നാവശ്യപ്പെട്ട് സർക്കാർ വക്കീൽ വിജിലൻസ് കോടതിയെ സമീപിച്ചത്. അതിനായി ഡി.വൈ.എസ്.പി മഹേഷ് ദാസിൻെറ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. അതിനെതുടർന്ന് 2021 മാർച്ച് 21ന് കോടതി ഗവ. മുൻ സ്പെഷ്യൽ പ്ലീഡർ അഡ്വ. സുശീല ആർ. ഭട്ടിന് നോട്ടീസ് അയച്ചു. സുശീല ഭട്ട് ബാംഗ്ലൂരിലേക്ക് താമസം മാറിയതിനാൽ കൊച്ചിയിലെ വിലാസത്തിൽ അയച്ച കത്ത് ആളില്ലാതെ മടങ്ങി. മെയ് 22ലേക്ക് കേസ് മാറ്റിവെച്ചുവെങ്കിലും അന്ന് കോവിഡ് കാരണം കോടതിയുടെ പ്രവർത്തനം നടന്നില്ല. ഇതിനിടയിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി വിവരം സുശീലഭട്ട് അറിഞ്ഞത്.

തുടർന്ന് വ്യവാഴ്ച (ഇന്ന്) വിജിലൻസ് കോടതിയിൽ നടന്ന വിചാരണയിൽ സുശീല ഭട്ടിനുവേണ്ടി അഡ്വ.മനോജ് പരമേശ്വരനും കേസിൽ കക്ഷിചേർന്ന എരുമേലിയിൽനിന്നുള്ള അജികുമാറിന് വേണ്ടി അഡ്വ. കഴക്കൂട്ടം നാരായണൻ നായരും ഹാജരായി.

ഹാരിസൺസ് കമ്പനിയുടെ പ്രതിനിധികളായ വിനയരാഘവൻ, എൻ.ധർമ്മരാജ്, എൻ.വേണുഗോപാൽ, രവി ആനന്ദ് എന്നിവരും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ ടി.ജെ .മറിയം, പി.എസ്.ശ്രീകുമാർ, .ജി.വിജയകുമാർ, എൻ.വി.ഗോപിനാഥൻ നായർ എന്നിവരും ഗൂഢാലോചന നടത്തിയ വ്യാജ ആധാരം തയാറാക്കി നാല് പട്ടയങ്ങളുടെ വിൽപ്പന നടത്തിയെന്നായിരുന്നു ആരോപണം.

ഇക്കാര്യത്തിൽ 2013ൽ വിജിലൻസ് ഡി.വൈ.എസ്.പി എൻ.നന്ദനൻപിള്ള സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഹാരിസൺസ് ഹാജരാക്കിയ 1923ലെ പ്രമാണരേഖ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതേ വിജിലൻസ് വകുപ്പിലെ മറ്റൊരു ഡി.വൈ.എസ്.പി 2020 ഡിസംബറിൽ നൽകിയ റിപ്പോർട്ടിൽ പ്രമാണരേഖ വ്യാജമല്ലെന്ന് പറയുന്നത് സംശയാസ്പദമാണെന്ന് അഡ്വ. നാരായണൻ നായരും മനോജും കോടതിയിൽ ചൂണ്ടിക്കാട്ടി.

വ്യാജരേഖ തയാറാക്കിയ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണെന്ന ആവശ്യപ്പെട്ട് ഹാരിസൺസ് ആദ്യം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയിലും നൽകിയ ഹരജികൾ തള്ളിക്കളഞ്ഞ കാര്യവും കോടതിയിൽ സൂചിപ്പിച്ചു. വിജിലൻസ് ഉദ്യോഗസ്ഥരും ഹാരിസൺസ് കമ്പനി അധികൃതരും ചേർന്ന് നടത്തുന്നൊരു നാടകമാണ് പുതിയ റിപ്പോർട്ടെന്നും ഇരുവരും വാദിച്ചു. അതോടെ വിജിലൻസ് റിപ്പോർട്ട് സംബന്ധിച്ചുള്ള മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടർന്ന് നവംമ്പർ 22ലേക്ക് കേസ് മാറ്റിവെച്ചു.

1923ലെ 1600ാം നമ്പർ പ്രമാണരേഖ ഫോറൻസ് സയൻസ് ലാബിൽ പരിശോധന നടത്തിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകിയില്ല. ഫോറൻസ് സയൻസ് ഡെപ്യൂട്ടി ഡയറക്ടർ അപർണ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രമാണ രേഖയിൽ ചിലയിടങ്ങളിൽ കാണുന്ന തിരുത്തലുകളും കൂട്ടിച്ചർക്കലുകളും വ്യത്യസ്ഥമായ മഷി ഉപയോഗിച്ച് പിൽക്കാലത്ത് നടത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.

പ്രമാണത്തിൽ കാണുന്ന മുദ്ര സ്റ്റാൻഡേർഡ് സീലിൽ നിന്നുള്ളതു തന്നെയാണോ എന്ന് ഉറപ്പിക്കാനാവുന്നില്ലെന്നും മുദ്ര പതിപ്പിക്കുമ്പോൾ രേഖയിൽ ഉണ്ടാകുന്ന അടയാളങ്ങൾ ഈ രേഖയിൽ കാണുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം മറച്ചുവെച്ചാണ് കോടതിയിൽ കേസ് അവസാനിപ്പിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഉണ്ണിക്കൃഷ്ണൻ വാദിച്ചത്.  

Tags:    
News Summary - Harrisons forgery: setback to move to close case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.