കൊച്ചി: മത്സ്യവിൽപന നടത്തി ഉപജീവന മാർഗം തേടിയ കോളജ് വിദ്യാർഥിനി ഹനാനെതിെര സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗുരുവായൂർ ചെറായി പൈനാട്ടായിൽ വിശ്വനാഥനാണ്(42) പിടിയിലായത്. അശ്ലീലച്ചുവയുള്ള പരാമർശമാണ് ഇയാൾ ഹനാനെതിരെ നടത്തിയത്. വിശ്വൻ ചെറായി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അധിക്ഷേപം. പെൺകുട്ടിയെ അപമാനിച്ചതിന് ഐ.ടി ആക്ട് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഹനാനെതിരെ ഫേസ്ബുക്കിൽ ആദ്യ പോസ്റ്റിട്ട വയനാട് സ്വദേശി നൂറുദ്ദീൻ ഷേഖിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന് ഇയാളെ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് പൊലീസ് അറിയിച്ചത്. നൂറുദ്ദീൻ ഷേഖിനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ നിരീക്ഷിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. തന്നെ ഓൺലൈൻ മാധ്യമപ്രവർത്തകൻ തെറ്റിദ്ധരിപ്പിച്ചെന്ന് നൂറുദ്ദീൻ ഷേഖ് മൊഴി നൽകിയിരുന്നു. ഇതും അന്വേഷിക്കുന്നുണ്ട്.
സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഗുരുതര പരാമർശങ്ങൾ നടത്തിയ 10 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി ആളുകളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. അശ്ലീല പോസ്റ്റിട്ടവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടി. നിരവധിയാളുകൾ ഇതിനകം പോസ്റ്റുകൾ ഫേസ്ബുക്കിൽനിന്ന് നീക്കിയിട്ടുണ്ട്. അതേസമയം പരാമർശങ്ങളടങ്ങുന്ന സ്ക്രീൻ ഷോട്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. മത്സ്യക്കച്ചവടം നാടകമാണെന്നും സിനിമയുടെ പ്രചാരണമാണ് ലക്ഷ്യമെന്നും ആരോപിച്ച് നിരവധി ആളുകളാണ് ഹനാനെതിരെ സമൂഹമാധ്യങ്ങളിൽ അധിക്ഷേപവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.