മുസ്​ലിം ലീഗ്​ നേതാവ്​ ഹമീദലി ഷംനാട്​ അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗി​​െൻറ സമുന്നത നേതാവും മുന്‍ എം.പിയുമായ ഹമീദലി ഷംനാട് അന്തരിച്ചു. 88 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് 5.45ഓടെ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ആറുമണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് തായലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1960ല്‍  നാദാപുരത്തുനിന്ന് നിയമസഭയിലത്തെി. സി.പി.ഐയിലെ സി.എച്ച്. കണാരനെ 7047 വോട്ടിനു പരാജപ്പെടുത്തി ആദ്യമായി നാദാപുരം മണ്ഡലം യു.ഡി.എഫ് പക്ഷത്ത് എത്തിച്ചത് ഷംനാടിന്‍െറ ചരിത്ര നേട്ടമായി.
അഭിഭാഷകനായി തിളങ്ങിനില്‍ക്കുന്നതിനിടയിലായിരുന്നു നാദാപുരത്ത് മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. 1965ല്‍ ഒരു തവണകൂടി നേതൃത്വം നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം മത്സരിക്കാന്‍ തയാറായില്ല. 1970 മുതല്‍ ’79 വരെ രണ്ടുതവണ രാജ്യസഭാംഗമായി. 
കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തി വാര്‍ഡില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് 1982 മുതല്‍ ’87 വരെ നഗരസഭാ ചെയര്‍മാനുമായി. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം, ഹോം ഗാര്‍ഡ് അഡൈ്വസറി ബോര്‍ഡ് അംഗം, കാസര്‍കോട്, കണ്ണൂര്‍ ജില്ല മുസ്്ലിംലീഗ് കമ്മിറ്റിയംഗം, കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് ചെയര്‍മാന്‍, പി.എസ്.സി അംഗം, ഓവര്‍സിസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (ഒഡെപെക്) ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 
 കര്‍ണാടക ബല്ലാരിയില്‍ തഹസില്‍ദാറായിരുന്ന കുമ്പള പുത്തിഗെ പഞ്ചായത്തിലെ അബ്ദുല്‍ ഖാദര്‍ ഷംനാടിന്‍െറയും ഖദീജാബി ശെറൂളിന്‍െറയും മകനായി 1929 ജനുവരി 23നാണ് ജനനം. ബാഡൂര്‍ ഗവ. എല്‍.പി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. കാസര്‍കോട് ബി.ഇ.എം സ്കൂള്‍, ജി.എച്ച്.എസ്.എസ് കാസര്‍കോട് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മംഗളൂരു സെന്‍റ് അലോഷ്യസ് ഹൈസ്കൂളിലും കോളജിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി.
മുസ്ലിംലീഗ് നേതാവായിരുന്ന ബി. പോക്കര്‍ സാഹിബിന്‍െറ കീഴില്‍ മദ്രാസ് ഹൈകോടതിയില്‍ 1956ല്‍ അഭിഭാഷകനായി. ഏതാനും വര്‍ഷം അവിടെ പ്രവര്‍ത്തിച്ചശേഷം  കാസര്‍കോട് കോടതിയില്‍ പ്രാക്ടീസ് തുടരുകയായിരുന്നു. പി.എസ്.പി അനുഭാവിയായിരുന്ന ഷംനാട് പിന്നീടാണ് ലീഗില്‍ അംഗത്വമെടുത്തത്. 
ഭാര്യ: പരേതയായ ഉമ്മു ഹലീമ. മക്കള്‍: റസിയ, പ്യാരി, അഡ്വ. ഫൗസിയ. മരുമക്കള്‍: ഡോ. സൈദ് അഷ്റഫ് (കരുണ മെഡിക്കല്‍ കോളജ്, പാലക്കാട്), ഡോ. ആര്‍.  അബ്ദുല്‍ റഹീം (കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍), നിസാര്‍ (റിട്ട. കെല്‍ എന്‍ജിനീയര്‍). സഹോദരി: പരേതയായ മറിയാബീവി ശെറൂള്‍.

Tags:    
News Summary - hameed ali shamnad passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.