ഹജ്ജ്: ഇത്തവണ അപേക്ഷകള്‍ കുറഞ്ഞു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷഫോറം സ്വീകരിക്കല്‍ ചൊവ്വാഴ്ച അവസാനിക്കും. തിങ്കളാഴ്ച വൈകീട്ട് വരെ 52,150 അപേക്ഷകളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചത്. ചൊവ്വാഴ്ച ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടാന്‍ സാധ്യതയുണ്ട്. തീയതി നീട്ടണമെന്ന ആവശ്യം മന്ത്രി കെ.ടി. ജലീലും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

അതേ സമയം, ഇത്തവണ അപേക്ഷകള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം എഴുപത്തേഴായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11,000 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. 2015ല്‍ 65,000 പേര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ആറായിരത്തോളം പേര്‍ക്കാണ് അവസരം ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചാല്‍ മാത്രമാണ് ഹജ്ജിന് പോകാന്‍ സാധിക്കുക. കൂടാതെ, ഈ വര്‍ഷം അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയവും കുറവായിരുന്നു.  സ്വീകരിക്കുന്ന അപേക്ഷകളുടെ മാനദണ്ഡത്തിലായിരിക്കണം ക്വോട്ട നിശ്ചയിക്കേണ്ടതെന്ന് കേരളം കുറെ വര്‍ഷങ്ങളായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട വീതിച്ചുനല്‍കുന്നത്.

രാജ്യത്തെ മുസ്ലിം ജനസംഖ്യയുടെ 5.15 ശതമാനം മുസ്ലിംങ്ങളാണ് കേരളത്തിലുള്ളത്. അതിനാല്‍ രാജ്യത്തിന് ലഭിക്കുന്ന ക്വോട്ടയില്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമേ സംസ്ഥാനത്തിന് ലഭിക്കാറുളളൂ. ഹജ്ജ് ഹൗസില്‍ ലഭിച്ച അപേക്ഷകളില്‍ വരുംദിവസങ്ങളില്‍ കവര്‍ നമ്പറുകള്‍ അയച്ചുതുടങ്ങും. മാര്‍ച്ച് ആദ്യവാരത്തിലാണ് നറുക്കെടുപ്പ്. അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും 70 വയസ്സിന് മുകളിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിച്ചേക്കും.

 

Tags:    
News Summary - haj pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.