കോഴിക്കോട്: ഹജ്ജിന് തുടർച്ചയായി നാലാംതവണ അപേക്ഷിക്കുന്നവർക്കും 70 വയസ്സ് കഴിഞ്ഞവർക്കുമുള്ള സംവരണം ഇനി വേണ്ടെന്ന ഹജ്ജ് നയ പുനരവലോകന സമിതിയുടെ നിർദേശം സാമൂഹിക നീതിക്ക് നിരക്കാത്തതാണെന്ന് ആക്ഷേപം. ഹജ്ജ് സബ്സിഡി ഒഴിവാക്കുന്നതടക്കം ഇന്ത്യയിലെ ഹജ്ജ് നയം പുനഃപരിശോധിക്കാൻ മോദി സർക്കാർ നിയോഗിച്ച ആറംഗ സമിതിയാണ് ഇൗ നിർദേശം സമർപ്പിച്ചിരിക്കുന്നത്. 70 വയസ്സു കഴിഞ്ഞവരെയും തുടർച്ചയായി നാലു തവണ അപേക്ഷിച്ചവരെയും സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തി വർഷങ്ങളായി ഹജ്ജിന് നേരിട്ട് തെരഞ്ഞെടുത്തു വരുകയാണ്. ഇത് അവസാനിപ്പിക്കണമെന്നാണ് സമിതി റിപ്പോർട്ടിൽ പറയുന്നത്. ഒപ്പം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ േക്വാട്ട വെട്ടിക്കുറച്ച് സ്വകാര്യ ടൂർ ഒാപറേറ്റർമാർക്കുള്ള േക്വാട്ട 30 ശതമാനമാക്കി ഉയർത്തണമെന്നും റിപ്പോർട്ടിലുണ്ട്. ജിദ്ദയിലെ മുൻ ഇന്ത്യൻ കോൺസൽ ജനറൽ അഫ്സൽ അമാനുല്ല ചെയർമാനും റിട്ട. ജസ്റ്റിസ് എസ്. പാർക്കർ, ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ കൈസർ ഷെമീം, കമാൽ ഫാറൂഖി, ജെ. ആലം എന്നിവർ അംഗങ്ങളുമായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.
എന്നാൽ, എന്തിനുവേണ്ടിയാണ് ഇൗ നിർദേശങ്ങളെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. രാജ്യത്ത് ഹജ്ജിന് അപേക്ഷിക്കുന്നവരിൽ നാലിലൊന്ന് പേർക്കുപോലും അവസരം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞതവണ ഇന്ത്യയിൽനിന്ന് അപേക്ഷിച്ച 4,48,268 പേരിൽ 1,23,700 പേർക്കുമാത്രമാണ് അവസരം ലഭിച്ചത്. കേരളത്തിൽനിന്ന് 95,236 പേർ ഇൗ തവണ അപേക്ഷ നൽകിയെങ്കിലും 6324 പേർക്ക് മാത്രമായിരുന്നു അവസരം കിട്ടിയത്. 84,039 അപേക്ഷകർക്ക് പുറത്തുനിൽക്കേണ്ടിവന്നു. കേരളത്തിലെ അപേക്ഷകരിൽ എട്ടു ശതമാനത്തിനുപോലും അവസരം ലഭിച്ചില്ല. 300 രൂപ അടച്ച് ഒാരോ വർഷവും അപേക്ഷിക്കുന്ന ഇവരോട് കാണിക്കുന്ന സ്വാഭാവിക നീതിയാണ് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്നത്. സംവരണ കാറ്റഗറിയിൽ ഉൾപ്പെടുത്തി അവസരം നൽകിയില്ലെങ്കിൽ ഹജ്ജ് എന്ന സ്വപ്നം സാക്ഷാത് കരിക്കാൻ അവർക്ക് അവസരം ലഭിക്കില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് ഇൗയൊരു ആനുകൂല്യം നൽകിപ്പോന്നത്. ഇത് അവസാനിപ്പിക്കണമെന്നതാണ് സമിതിയുടെ നിർദേശം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച േക്വാട്ടയിൽനിന്ന് അഞ്ചു ശതമാനം വെട്ടിക്കുറച്ച് സ്വകാര്യ ഹജ്ജ് ടൂർ ഒാപറേറ്റർമാർക്ക് നൽകണമെന്നതാണ് മറ്റൊരു നിർദേശം. ഇന്ത്യയിൽനിന്ന് പോവുന്ന ഹാജിമാരിൽ 75 ശതമാനം ഹജ്ജ് കമ്മിറ്റി മുഖേനയും 25 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് പോകുന്നത്. ഇത് 70:30 എന്ന അനുപാതത്തിലാക്കണമെന്നാണ് നിർദേശം. ഹജ്ജ് കമ്മിറ്റിയുടെ േക്വാട്ട വെട്ടിക്കുറച്ചാലുള്ള നേട്ടമെന്താണെന്ന് റിപ്പോർട്ടിൽ എവിടെയുമില്ല.
ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ സൗകര്യത്തിനും അവർക്ക് സുഖകരമായ യാത്ര സജ്ജീകരിക്കുന്നതിനും പാർലമെൻറ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. മുംബൈയിൽ ഇതിന് വലിയ ആസ്ഥാന മന്ദിരവും ഉദ്യോഗസ്ഥ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചുവരുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ ഹജ്ജ് വകുപ്പിനായി മന്ത്രിയുമുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എല്ലാ സ്റ്റേറ്റുകളിലും സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമുണ്ട് എന്നിരിക്കെ ഹജ്ജ്യാത്രക്ക് സ്വകാര്യ ടൂർ ഒാപറേറ്റർമാരെ എന്തിന് പങ്കാളിയാക്കണമെന്നത് ചോദ്യചിഹ്നമാണ്. ഇതിനുപുറമെ ഹജ്ജ് കമ്മിറ്റിയുടെ േക്വാട്ട വെട്ടിച്ചുരുക്കി ടൂർ ഒാപറേറ്റർമാർക്ക് നൽകുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നതും സംശയമുയർത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.