ഗുരുപൂജ സംസ്‌കാരത്തിന്‍റെ ഭാഗം, അതിൽ തെറ്റില്ല, പാദപൂജയെ ന്യായീകരിച്ച് ഗവർണർ

തിരുവനന്തപുരം: ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികൾ പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതില്‍ തെറ്റില്ലെന്നും ചിലർ അതിനെ എതിർക്കുകയാണെന്നും ബാലഗോകുലത്തിന്‍റെ പരിപാടിയിൽ സംസാരിച്ചുകൊണ്ട് കേരള ഗവർണർ പറഞ്ഞു.

പൈതൃകം കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്. കുട്ടികള്‍ സനാതന ധര്‍മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഗവർണർ ചോദിച്ചു. ‘സ്‌കൂളുകളില്‍ ഗുരുപൂജ നടത്തിയതില്‍ എന്താണ് തെറ്റ്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. ഈ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവുമാണ് ഗുരുപൂജ’ -ഗവർണർ പറഞ്ഞു.

ഗുരുപൂര്‍ണിമദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ വിവിധ യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു.

പാദപൂജ’യെ രൂക്ഷമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച സംഭവം അപലപനീയമാണെന്നും വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

മുതിർന്നവരെ പോലെ വ്യക്തിത്വവും അവകാശവുമുള്ളവരാണ് കുട്ടികളും. കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹ്യ ഉത്തരവാദിത്തവും വളർത്തിയെടുത്താണ് നാളെയുടെ നല്ല പൗരരായി വാർത്തെടുക്കേണ്ടതെന്നും കെ.കെ. ശൈലജയും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

Tags:    
News Summary - Guru Pooja is part of culture, there is nothing wrong with it, Governor defends Pada Pooja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.