വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണമെന്ന് കേരളം

തിരുവനന്തപുരം: ജി.എസ്​.ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജി.എസ്​.ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജി.എസ്​.ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ് വേറിന്‍റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്. സോഫ്റ്റ് വേര്‍ സിസ്റ്റം പൂര്‍ണ്ണമാവാത്ത സാഹചര്യത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നതിന് പിഴ ഈടാക്കരുതെന്ന് കേരളം ജി.എസ്​.ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. 

വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ് വേര്‍ ഉണ്ടാക്കുന്നതിന് ഗുഡ്സ് ആന്‍റ് സര്‍വീസസ് ടാക്സ് നെറ്റ് വർക്ക്​ (ജിഎസ്ടിഎന്‍) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിട്ടുളളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് ജി.എസ്​.ടി.എന്‍ ആണ്. 

ചില വസ്തുക്കള്‍ക്കുളള നികുതി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നികുതി നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. സോഫ്റ്റ് വേര്‍ സംബന്ധമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍ഫോസിസില്‍ നിന്ന് ഒരു സാങ്കേതിക ഓഫീസറെ കേരളത്തില്‍ ജിഎസ്ടിഎന്‍ നിയോഗിക്കണം. 

വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ജില്ലാ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ വഴി വ്യാപാരികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനം ശക്തിപ്പെടുത്തും. ജി.എസ്​.ടി ദാതാക്കളുടെ പരാതി പരിഹാര കേന്ദ്രമായി അക്ഷയ സെന്‍ററുകള്‍ പ്രവര്‍ത്തിക്കും. ജി.എസ്​.ടി വകുപ്പിന്‍റെ 180 സര്‍ക്കിളുകളിലും നികുതിദായകര്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് നികുതിദായകരെ സഹായിക്കാന്‍ ജി.എസ്​.ടി വകുപ്പ് തന്നെ സൗജന്യമായി അക്കൗണ്ടിങ് സോഫ്റ്റ് വേര്‍ ഉണ്ടാക്കിക്കൊടുക്കും. 

മന്ത്രിസഭയുടെ മറ്റ്​ തീരുമാനങ്ങൾ

ജയില്‍ വകുപ്പില്‍ 206 തസ്തികകള്‍
ജയില്‍ വകുപ്പില്‍ വാര്‍ഡര്‍ വിഭാഗത്തില്‍ 206 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 140 അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ തസ്തികകളാണ്. 
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ 58, 
പ്രിസണ്‍ ഓഫീസര്‍ 6 
ഗേറ്റ് കീപ്പര്‍ 2

ശാസ്ത്ര സാങ്കേതിക കൗണ്‍സിലിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തിലുളള ധനവകുപ്പിന്‍റെ നിബന്ധന പാലിക്കപ്പെടുന്നില്ലെങ്കില്‍ ഭാവിയില്‍ ശമ്പളപരിഷ്കരണം പരിഗണിക്കില്ല എന്ന വ്യവസ്ഥയോടെയാണ് തീരുമാനം. വഖഫ് ബോര്‍ഡില്‍ നിന്ന് 2016 ഫെബ്രുവരി 1-നു മുമ്പ് വിരമിച്ച ജീവനക്കാരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

പി. പ്രവീണിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഇരുപത് ലക്ഷം രൂപ
മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസര്‍ പി. പ്രവീണിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഇരുപത് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ആശ്രിത നിയമന പദ്ധതി പ്രകാരം പ്രവീണിന്‍റെ ആശ്രിതന് സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കും. ഈ അപകടത്തില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, രാജേഷ് എന്നിവര്‍ക്ക് അവരുടെ ചികിത്സയ്ക്ക് ചെലവായ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

Tags:    
News Summary - GST: Stop Business Men to Take Over Profit - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.