തിരുവനന്തപുരം: നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ നിലപാട് ആവർത്തിച്ചും സർക്കാറിനെതിരെ തുറന്നടിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി എത്തി വിശദീകരിക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. പെൻഷൻ കൊടുക്കാൻ പണമില്ലാത്ത സർക്കാർ വ്യക്തിഗത ആവശ്യങ്ങൾക്ക് സ്വിമ്മിങ് പൂൾ പണിയുകയാണ്. സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് സർക്കാർതന്നെ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുമ്പോഴും മറുഭാഗത്ത് പണം ധൂർത്തടിക്കുകയാണ്. ഗവർണർ സൂചിപ്പിച്ചത് കേരളീയത്തെ കുറിച്ചാണോ എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ താൻ പറയാത്തത് തന്റെ വായിൽ തിരുകരുതെന്നായിരുന്നു മറുപടി.
ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാർ തന്നെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് അവർക്ക് മുന്നിൽ വെച്ചപ്പോൾ ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിക്കേ വിശദീകരിക്കാനാവൂ എന്നാണ് മന്ത്രിമാർ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നുമില്ല. ആ സ്ഥിതിക്ക് കാത്തിരിക്കുകയേ വഴിയുള്ളൂ. അല്ലെങ്കിൽ മുഖ്യമന്ത്രി നൽകിയ കത്ത് പിൻവലിക്കണം. ബില്ലുകൾ പാസാക്കുന്നതിൽ ഭരണഘടനാപരമായ വ്യവസ്ഥകളുണ്ട്. സംസ്ഥാന സർക്കാർ ഈ വ്യവസ്ഥകളും കീഴ്വഴക്കങ്ങളും ലംഘിക്കുകയാണ്.
ധനബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ മുൻകൂർ അനുമതിവേണം. ആ അനുമതിയില്ലാതെയാണ് വി.സി നിയമനവുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കിയത്.
സർവകലാശാല ബിൽ പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. അതിൽ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സർക്കാർ ചെയ്തില്ല. എല്ലാ ഭരണാഘടനാ പരിധിയും സർക്കാർ ലംഘിക്കുകയാണ്. എന്താണ് കലാമണ്ഡലത്തിൽ സംഭവിച്ചതെന്നും പുതിയ ചാൻസലർ പണം ചോദിച്ചുവെന്നും ഗവർണർ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.