കോവിഡാനന്തര ചികിത്സക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വഞ്ചന -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിലും പണം ഈടാക്കാനുള്ള സംസ്ഥാന ഭരണകൂടത്തിന്‍റെ തീരുമാനം കേരളീയ ജനതയോടുള്ള വഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. സർക്കാർ ആശുപത്രികളിൽ ഒരു ബെഡ്ഡിന് 750 രൂപ മുതൽ 2000 വരെ ഈടാക്കുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്.

കോവിഡാനന്തര ചികിത്സ സൗജന്യമായി നൽകിയിരുന്ന സർക്കാർ തീരുമാനം മാറ്റുന്നതിന് പിന്നിലെ താല്പര്യം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിലവിൽ തന്നെ സർക്കാർ ആശുപത്രികളും സൗകര്യങ്ങളും പരിമിതമായതിനാൽ ആവശ്യക്കാർക്ക് പോലും സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാൽ തന്നെ ഇപ്പോഴും ധാരാളം രോഗികൾ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിന് നിർബന്ധിതരാണ്.

കോവിഡ് മഹാമാരിയുടെ ഫലമായി സാമ്പത്തികമായി തകർന്നു കഴിഞ്ഞ സംസ്ഥാനത്തെ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട പുതിയ തീരുമാനത്തിലൂടെ സർക്കാർ ശ്രമിക്കുന്നത്. ബ്ലാക്ക് ഫംഗസ് തരംഗം കേരളത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ചികിത്സ സൗജന്യമാക്കുകയാണ് വേണ്ടത്. എന്നാൽ ഭരണകൂടവും ആരോഗ്യവകുപ്പും രോഗാവസ്ഥയെ മുതലെടുത്ത് ലാഭം കൊയ്യാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്.

കോവിഡാനന്തര ചികിത്സക്കുള്ള സ്വകാര്യ ആശുപത്രികളിലെ തുക വർധിപ്പിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. കോവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കിൽ എത്തി പരിശോധന നടത്തണമെന്ന നിബന്ധനയെ ദുരുപയോഗം ചെയ്ത് പണം കൊയ്യാനുള്ള നിലപാടിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - government's decision to charge for covid treatment is betrayal Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.