തന്ത്രി കണ്ഠരര് രാജീവര്
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവർക്ക് രണ്ടാം കേസിൽ അനുവദിച്ച ജാമ്യവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സർക്കാറിന്റെ ഹരജി. കട്ടിളപ്പാളിയിലെ സ്വർണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം വിജിലൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. ബാബു, തന്ത്രിക്ക് നോട്ടീസ് അയക്കാൻ ഉത്തരവായി. ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നൽകിയ സമാന ഹരജിയിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. രണ്ടു ഹരജികളും പിന്നീട് ഒന്നിച്ച് പരിഗണിക്കും.
തന്ത്രിക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്ന വിജിലൻസ് കോടതി നിരീക്ഷണം അന്തിമ വിധിയുടെ സ്വഭാവത്തിലുള്ളതാണെന്നും ഇത് കേസന്വേഷണത്തിനും കുറ്റപത്രം സമർപ്പിക്കുന്നതിനും തടസ്സമാകുമെന്നുമാണ് സർക്കാർ ഹരജിയിൽ പറയുന്നത്. പ്രോസിക്യൂഷൻ രേഖകളുടേയോ കേസ് ഡയറിയുടേയോ പരിശോധനയില്ലാതെയാണ് വിചാരണ കോടതിയുടെ ഇത്തരം കണ്ടെത്തലുകൾ. തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ധാരാളം തെളിവുകൾ പ്രോസിക്യൂഷൻ രേഖകളിലുണ്ടായിട്ടും പരിഗണിക്കാതെയാണ് അന്വേഷണം പുരോഗമിക്കുന്ന കേസിൽ പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായും മറ്റു പ്രതികളുമായും ചേർന്ന് കണ്ഠരര് രാജീവര് ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. ശ്രീകോവിൽ വാതിലിലെ സ്വർണം പൊതിഞ്ഞ പാളികൾ മാറ്റുന്നതിലും അവ ദുരുപയോഗം ചെയ്യുന്നതിലും ഇദ്ദേഹത്തിന്റെ പൂർണമായ അറിവും പങ്കാളിത്തവും ഉണ്ടായിരുന്നു. ശ്രീകോവിൽ വാതിലിലെ ചെമ്പ് പാളികളിൽ സ്വർണം പൂശിയതാണെന്ന കാര്യം തന്ത്രിക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും ദേവസ്വം അധികൃതർ ഇതിനെ വെറും ‘ചെമ്പ് പാളികൾ’ എന്ന് മാത്രം രേഖപ്പെടുത്തിയപ്പോൾ അത് തിരുത്താനോ ബോർഡിനെ അറിയിക്കാനോ തന്ത്രി തയാറായില്ലെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹരജി തീർപ്പാകുംവരെ സ്റ്റേ അനുവദിക്കണമെന്നുമാണ് സർക്കാറിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.