ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാനിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.
ഷാന്റെ കൊലക്ക് പിന്നാലെ പിന്നാലെ ആർ.എസ്.എസ് നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും ഷാന്‍ കേസിലെ പ്രതികൾ പുറത്തിറങ്ങി സ്വൈരവിഹാരം നടത്തുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും പ്രതികളുടെ ജാമ്യം എതിർത്ത് കേരള സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഷാന്‍ വധക്കേസിലെ പ്രതികൾക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ കേസിലെ രണ്ടു മുതൽ ആറുവരെ പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ദ്, അഞ്ചാം പ്രതി അതുല്‍ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് കേരളം ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
പ്രതികളിൽ ഭൂരിഭാഗവും ആർ.എസ്.എസിന്റെ ജില്ലാ, പ്രാദേശിക തലങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. ഇവർ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കപ്പെടാനും തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത ഉണ്ട്. ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം നടക്കുമായിരുന്നില്ലെന്നും കേരളം സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
2021 ഡിസംബര്‍ 18ന് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ വെച്ച് കെ.എസ് ഷാനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. പിന്നാലെ ആർ.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഈ കേസിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.