ശബരിമല: ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി ശബരിമലയില്‍ പുതുതായി പണികഴിപ്പിച്ച സ്വര്‍ണധ്വജം തന്ത്രി കണ്ഠരര് രാജീവരരുടെയും മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ പ്രതിഷ്ഠിച്ചു. രാവിലെ 11.15ന് കലശവാഹനം എഴുന്നള്ളത്തോടെ ആരംഭിച്ച പ്രതിഷ്ഠ ചടങ്ങുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിമരത്തിനു മുകളില്‍ വാജി വാഹനം പ്രതിഷ്ഠിച്ച് കലശമാടിയതോടെ ധ്വജ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് സമാപനമായി.
അതിരാവിലെ തന്നെ സന്നിധാനവും പരിസരവും ഭക്തജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. കലശവാഹനം എഴുന്നള്ളിക്കുന്നതിന് തൊട്ടുമുമ്പ് ഗായകൻ ജയന് ‘ശ്രീകോവില്‍ നട തുറന്നു’ എന്ന ഭക്തിഗാനം ആലപിച്ചപ്പോള്‍ തിരുമുറ്റത്ത് തടിച്ചുകൂടിയ ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് ശരണം വിളികളുയര്‍ന്നു. വാജി വാഹനം പ്രതിഷ്ഠിക്കുന്നതിനു കൊടിമരത്തിനു മുകളിലേക്ക് കയറുന്നതിന് പ്രത്യേക ഏണിപ്പടികള്‍ സജ്ജമാക്കിയിരുന്നു.
തന്ത്രി, മേല്‍ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്, ദേവസ്വം കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്, ആന്ധ്രപ്രദേശ് മന്ത്രിമാരായ മാണിക്കല റാവു, പത്തിപാത്തി പുല്ലറാവു, കാമിനേനി ശ്രീനിവാസറാവു, തെലങ്കാന മന്ത്രി ജഗദീശ്വര്‍ റെഡ്ഡി, ആന്ധപ്രദേശില്നിന്നുള്ള എം.പിമാരായ മുരളീ മോഹന്‍, വൈ.വി. സുബ്ബറെഡ്ഡി, എം.എല്‍.എമാരായ എരപതി നേനി ശ്രീനിവാസ റാവു, കൊമ്മലപാട്ടി ശ്രീധര്‍, ആലപ്പാട്ട് രാജേന്ദ്രപ്രസാദ്, ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ രവിശങ്കര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചു.
പുതിയ സ്വര്‍ണക്കൊടിമരത്തിന് 3.20 കോടിയാണ് നിര്‍മാണച്ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.