തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉറപ്പായതോടെ അടുപ്പിച്ചുവന്ന രണ്ട് അവധി ദിനങ്ങളിൽ സർക്കാർ വകുപ്പുകൾ പുറത്തിറക്കിയത് 600ലധികം ഉത്തരവുകൾ. ഇതിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ഞായറാഴ്ച മാത്രം ഇറങ്ങിയത് 380ഓളം ഉത്തരവുകളാണ്. തലേദിവസം രണ്ടാം ശനിയാഴ്ച 225ഓളം ഉത്തരവുകളും ഇറക്കി. വെള്ളി, ശനി ദിവസങ്ങളിലെ മന്ത്രിസഭ യോഗ തീരുമാനങ്ങളിൽ ഉടൻ ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ശനിയാഴ്ച രാത്രി പത്തോടെ അവസാനിച്ച മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ ഞായറാഴ്ച വൈകീട്ട് നാലിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ വാർത്തസമ്മേളനത്തിന് മുമ്പ് ഉത്തരവായി ഇറക്കി.
വിവിധ ഡയറക്ടറേറ്റുകളിലും നൂറുകണക്കിന് ഉത്തരവുകൾ രണ്ട് അവധി ദിനങ്ങളിലായി ഇറക്കി. വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കൽ, ശമ്പള പരിഷ്കരണം, സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിക്കൽ ഉൾപ്പെടെയുള്ളവ ഉത്തരവുകളാക്കി ഇറങ്ങി. മാസങ്ങളോളം തീരുമാനമെടുക്കാതെ വെച്ച ഫയലുകളും അതിവേഗം തീർപ്പാക്കി. റവന്യൂ വകുപ്പിലാണ് ശനി, ഞായർ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ഉത്തരവിറങ്ങിയത്. ശനിയാഴ്ച 40ഉം ഞായറാഴ്ച 38ഉം ഉത്തരവുകൾ. ആയുഷ് വകുപ്പിൽ 46ഉം ആരോഗ്യ വകുപ്പിൽ 41ഉം വ്യവസായ വകുപ്പിൽ 30ഉം പൊതുവിദ്യാഭ്യാസ വകുപ്പിൽ 29 ഉം ഉത്തരവുകൾ ഇറക്കി. 40 വകുപ്പുകളാണ് അവധി മറന്ന് ഉത്തരവുകളിറക്കി നൽകിയത്. ഈ ദിനങ്ങളിൽ ഇറക്കിയവയിൽ സാധാരണ ഉത്തരവുകളുമുണ്ട്. ഇതിനായി പല ജീവനക്കാരും വീട്ടിലിരുന്ന് ഓൺലൈനായി ഇ-ഓഫിസ് സംവിധാനത്തിലാണ് പ്രവർത്തിച്ചതെങ്കിൽ ഒട്ടേറെ പേരെ നിർബന്ധപൂർവം ഓഫിസിൽ വിളിച്ചുവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.