തൊടുപുഴ: ഇടുക്കി സീറ്റ് ഏറ്റെടുത്ത കോൺഗ്രസ് നീക്കത്തിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് കേരള കോൺഗ്രസ് നേതാക്കളടക്കം രംഗത്ത്. സീറ്റ് നിര്‍ബന്ധപൂർവം ഏറ്റെടുത്തതിനോട് യോജിക്കാനാവില്ലെന്നും സീറ്റ് വിട്ടുനല്‍കരുതായിരുന്നുവെന്നുമാണ് മുതിർന്ന നേതാക്കളടക്കം ചൂണ്ടിക്കാട്ടുന്നത്. സീറ്റ് വിട്ടുനല്‍കിയത് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് ജില്ല പ്രസിഡന്‍റ് എം.ജെ. ജേക്കബ് പറഞ്ഞു.
ഇടുക്കി കേരള കോണ്‍ഗ്രസിന്‍റെ പരമ്പരാഗത സീറ്റാണ്. കോണ്‍ഗ്രസ് മത്സരിച്ചാലേ വിജയിക്കൂ എന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും പകരം ആരാണ് മത്സരിക്കാനെത്തുന്നതെന്ന് അറിഞ്ഞിട്ട് തുടർ കാര്യങ്ങൾ പറയാമെന്നുമാണ് എം.ജെ ജേക്കബ് പ്രതികരിച്ചത്. പാര്‍ട്ടി നേതൃത്വം സീറ്റ് കോണ്‍ഗ്രസിന് അടിയറവ് വെച്ചെന്ന് ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫും കുറ്റപ്പെടുത്തി. ഉപാധികളോടെ വേണമായിരുന്നു സീറ്റ് കൈമാറ്റമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ കുറ്റപ്പെടുത്തി.
ഇടുക്കി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി നാലുതവണ വിജയിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ അഞ്ചാം അങ്കത്തിന് ഇറങ്ങുമ്പോള്‍ ഇദ്ദേഹത്തിനെതിരെ ശക്തനായ എതിരാളിയെ രംഗത്തിറക്കുകയാണ് ലക്ഷ്യമെന്നാണ് കോൺഗ്രസ് സീറ്റ് എടുക്കുന്നതിന് നൽകുന്ന വിശദീകരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ 5,573 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റോഷി എൽ.ഡി.എഫ് മന്ത്രിസഭയില്‍ എത്തിയത്.
അതേസമയം, കേരള കോൺഗ്രസിന്‍റെ തൊടുപുഴ സീറ്റിലും അനിശ്ചിതത്വം തുടരുകയാണ്. പി.ജെ. ജോസഫാണോ മകന്‍ അപു ജോണ്‍ ജോസഫാണോ മത്സരിക്കുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത്തവണ മത്സരിക്കുമോ എന്ന ചോദ്യത്തിന്, പിന്നീട് മറുപടി പറയാമെന്നാണ് പി.ജെ. ജോസഫ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.