കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്‍റെ ബീജം ശേഖരിച്ച് സൂക്ഷിക്കാൻ ഭാര്യക്ക് ഹൈകോടതി അനുമതി. ചിക്കൻപോക്സിനെ തുടർന്നുണ്ടായ സെറിബ്രൽ വീനസ് ത്രോംബോസിസ് ബാധിച്ച് മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിൽനിന്ന് കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ ഇടക്കാല ഉത്തരവ്.
അതേസമയം, ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റു അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി) നടപടികളിലേക്ക് കടക്കാൻ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.
ഹരജിക്കാരിയുടെ ഭർത്താവ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ശ്വാസം നിലനിർത്തുന്നത്. ഈ സാഹചര്യത്തിൽ എ.ആർ.ടി നിയമപ്രകാരം ബീജം ശേഖരിക്കാൻ ഭർത്താവിന്‍റെ രേഖാമൂലമുള്ള സമ്മതം വാങ്ങാൻ കഴിയില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ചികിത്സ വൈകിയാൽ പിതൃത്വത്തിനുള്ള സാധ്യത എന്നേക്കുമായി ഇല്ലാതാകുമെന്ന ആശങ്കയും അറിയിച്ചു. തുടർന്നാണ് യുവാവിന്‍റെ ബീജം ശേഖരിക്കാനും ശീതീകരിച്ച് സൂക്ഷിക്കാനും (ക്രയോ പ്രിസർവേഷൻ) കോടതി അനുമതി നൽകിയത്.
ചികിത്സയിലുള്ള ആശുപത്രിയോ മറ്റ് അംഗീകൃത എ.ആർ.ടി ക്ലിനിക്കുകളോ മുഖേന ഇതിന് നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. തുടർന്ന് ഹരജി ഏപ്രിൽ ഏഴിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.