തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയം ആയുധമാക്കി പ്രതിപക്ഷം മുന്നേറുമ്പോൾ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ പുറത്തുവന്നത് സർക്കാറിന് തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മന്ത്രി കെ.ടി. ജലീൽ, അദ്ദേഹത്തിെൻറ പി.എ എന്നിവരും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും പ്രതികളുമായി ഫോണിൽ നിരന്തരം സംസാരിച്ചിരുന്നെന്നാണ് ഫോൺ വിശദാംശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
പ്രതികളെ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ നിരന്തരം വിളിച്ചത് കൂടുതൽ സംശയം വർധിപ്പിക്കുന്നതാണ്. യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ സ്വർണക്കടത്ത് നടന്നെന്ന് സംശയിക്കുന്ന ദിവസങ്ങളിലെല്ലാം അറ്റാഷെ കേസിലെ ഒന്നാം പ്രതി സരിത്തുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നത് കോൺസുലേറ്റിനെയും സംശയ നിഴലിൽ നിർത്തുന്നു. യു.എ.ഇ കോൺസുലേറ്റ് ജനറലുടെ ഓതറൈസേഷൻ ലെറ്റർ ഉപയോഗിച്ചാണ് ഒരു വർഷം മുമ്പ് മുതൽ സ്വർണം കടത്തുന്നതെന്ന വിവരം അന്വേഷണ സംഘത്തിനും ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ സ്വപ്നയുമായി നിരന്തരവും സരിത്തുമായി 14 തവണയും ഫോണിൽ ബന്ധപ്പെെട്ടന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതിനു പുറമെ മന്ത്രി കെ.ടി. ജലീൽ സ്വപ്നയുമായി ഒമ്പത് തവണ സംസാരിച്ചിട്ടുണ്ട്.
അദ്ദേഹത്തിെൻറ പി.എയുമായി സരിത് സംസാരിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്ന വിളിച്ചതെന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ടെങ്കിലും അതിനെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാറിന് ഒന്നും മറയ്ക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞിരുന്നത്. എന്നാൽ, സ്വർണക്കടത്തുകാരുമായി അടുത്ത ബന്ധമുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ മൊഴി കൂടി കസ്റ്റംസ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയായ ശേഷം ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി കെ.ടി. ജലീലിെൻറ ഫോൺ വിളികളെ ന്യായീകരിക്കുകയായിരുന്നു.
റിപ്പോർട്ടുകൾ വന്നശേഷം തുടർനടപടികൾ കൈക്കൊള്ളാമെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
LATEST VIDEO
L
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.